കണ്ണീര്‍ക്കടലായി കണ്ണാടിക്കല്‍; അർജുനെ അവസാനമായി ഒരുനോക്ക് കാണാൻ വൻ ജനാവലി
കോഴിക്കോട്: കാത്തിരിപ്പിനൊടുവിൽ അര്‍ജുന്റെ മൃതദേഹം വീട്ടിലെത്തിച്ചു. കാർവാർ മുതൽ കോഴിക്കോട് കണ്ണാടിക്കൽ വീട്ടിലേക്ക് വരെ ഉള്ള വഴിയോരങ്ങളിൽ ഇരുട്ടിനെപ്പോലും വകവെയ്ക്കാതെ കണ്ണീരോടെ കാത്തിരുന്ന ജനക്കൂട്ടത്തിന്റെ അന്ത്യാദരം ഏറ്റുവാങ്ങിയാണ് അര്‍ജുന്റെ മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് എത്തിയത്. പതിവായി ലോറിയുമായി യാത്ര ചെയ്തിരുന്ന അതേവഴിയിലൂടെയായിരുന്നു അന്ത്യയാത്രയ്ക്കായി വീട്ടിലേക്കുള്ള മടക്കവും.
അർജുനെ അടുത്തറിയുന്നവർ ഒരിക്കൽ പോലും പരിചയമില്ലാത്തവർ അങ്ങനെ നിരവധിയാളുകളാണ് അർജുനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തുന്നത്. കേരളത്തിന്റെ ആകെ നൊമ്പരമായാണ് 74 ദിവസങ്ങള്‍ക്ക് ശേഷം അര്‍ജുന്‍ മടങ്ങുന്നത്. കണ്ണാടിക്കല്‍ ബസാര്‍ മുതലുള്ള വിലാപയാത്രയില്‍ ജനം കാല്‍നടയായി അനുഗമിച്ചു. അവസാനചടങ്ങുകളില്‍ പങ്കെടുക്കാനും അന്ത്യോപചാരം അര്‍പ്പിക്കാനുമായി ആയിരങ്ങളാണ് കണ്ണാടിക്കളിലെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി എ കെ ശശീന്ദ്രനാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മഞ്ചേശ്വരം എംഎല്‍എ എകെഎം അഷറഷ്, കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ല്‍, കര്‍ണാകടയിലെ പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ അടക്കമുള്ളവര്‍ വിലാപയാത്രയ്ക്ക് ഒപ്പമുണ്ടായിരുന്നു.