അന്വേഷണത്തിന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി; ഒറ്റവരിയില്‍ പ്രതികരണം അവസാനിപ്പിച്ച് എം ആര്‍ അജിത്കുമാര്‍
കോട്ടയം: പി വി അന്‍വര്‍ എംഎല്‍എ തനിക്കെതിരായി ഉന്നയിച്ച ആരോപണങ്ങൾ സർക്കാർ സംവിധാനത്തിൽ അന്വേഷിക്കട്ടെയെന്ന് എഡിജിപി എം ആർ അജിത് കുമാർ. അന്വേഷണം ആവശ്യപ്പെട്ട് താൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അന്വേഷിക്കണമെന്നും എംആർ അജിത് കുമാർ പറഞ്ഞു. എന്നാൽ മറ്റ് ആരോപണങ്ങളിൽ ഒന്നും തന്നെ പ്രതികരണം നൽകാതെ എല്ലാ ചോദ്യങ്ങൾക്കും ഒറ്റവരിയിൽ മറുപടി ഒതുക്കുകയായിരുന്നു അജിത് കുമാർ.
പി.വി അന്‍വറിന്‍റെ ആരോപണങ്ങളില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ തന്നെ അന്വേഷിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ചുമതലയില്‍ നിന്ന് മാറിനിന്ന് അന്വേഷണം നേരിടുമോയെന്ന ചോദ്യത്തിനൊന്നും അജിത്ത് കുമാര്‍ മറുപടി പറഞ്ഞില്ല. സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധം, അനധികൃത സ്വത്ത് സമ്പാദനം, മന്ത്രിമാരുടെ അടക്കം ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങി ഗുരുതര ആരോപണങ്ങളാണ് പി.വി അന്‍വര്‍ അജിത്കുമാറിനെതിരെ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരേയും അന്‍വര്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അതേസമയം, ക്രമസമാധാന ചുമതലയിൽ നിന്നും എംആർ അജിത്കുമാറിനെ മാറ്റും. പകരം മനോജ് എബ്രഹാമും എച്ച് വെങ്കിടെഷും പരിഗണനയിലുണ്ട്. ചുമതലകളിൽ ബൽറാം കുമാർ ഉപാധ്യയുടെ സാധ്യതയും ആഭ്യന്തര വകുപ്പ് പരിശോധിച്ച് വരികയാണ്.