Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പുതിയ ആശങ്ക; എന്താണ് വെസ്റ്റ് നൈൽ ഫീവർ ?

12:10 PM May 07, 2024 IST | Staff Reporter
Advertisement
Advertisement

സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 4 പേർ കോഴിക്കോട് ജില്ലയിൽ നിന്നുള്ളവരാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രണ്ടുപേർ മരിച്ചതായി റിപ്പോർട്ട് ഉണ്ടെങ്കിലും വൃക്ക മാറ്റിവച്ച ശേഷം തുടർ ചികിത്സയിൽ കഴിയുന്ന ഇവരുടെ മരണം വെസ്റ്റ് നൈൽ ഫീവർ മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രോഗം ബാധിച്ച് കോഴിക്കോട് ജില്ലക്കാരനായ ഒരാൾ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ട്.

എന്താണ് വെസ്റ്റ് നൈൽ ഫീവർ?

വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ്‌ നൈൽ പനി. വെസ്റ്റ് നൈൽ വൈറസാണ് രോഗകാരി. കൊതുക് വഴിയാണ് ഈ രോഗം പകരുന്നത്. 1937ൽ ഉഗാണ്ടയിലാണ് ആദ്യമായി ഈ വൈറസിനെ കണ്ടെത്തുന്നത്.

കേരളത്തിൽ

2011 ൽ ആലപ്പുഴയിലാണ് ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തത്. 2019 മാർച്ച് മാസത്തിൽ വെസ്‌റ്റ് നൈൽ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ആറു വയസ്സുകാരൻ മരിച്ചു.

രോഗപ്പകർച്ച

പക്ഷികളിൽ നിന്ന് കൊതുകുകൾ വഴി വൈറസ് മനുഷ്യരിലേക്ക് പകരും. ക്യൂലക്സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. രക്ത, അവയവ ദാനത്തിലൂടെയും അമ്മയിൽ നിന്ന് മുലപ്പാലിലൂടെ കുഞ്ഞിനും ഗർഭിണിയിൽ നിന്ന് ഗർഭസ്ഥ ശിശുവിനും അപൂർവമായി രോഗം ബാധിക്കാം. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് ഈ രോഗം പകരില്ല. മാത്രമല്ല വെസ്റ്റ് നൈൽ പനിക്ക് പ്രതിരോധ വാക്സിൻ ലഭ്യമല്ല.

രോഗലക്ഷണങ്ങൾ

വെസ്റ്റ് നൈൽ ഫീവറിന്റെ പ്രധാന ലക്ഷണങ്ങൾ തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റൽ, ഓർമ്മ നഷ്ടപ്പെടൽ എന്നിവയാണ്. രോഗ ബാധിതരായ 75% ആളുകളിലും പലപ്പോഴും പ്രകടമായ രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ല. 20 % ആളുകൾക്കാണ് പനി, തലവേദന, ഛർദ്ദി,
ചൊറിച്ചിൽ തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടാകുന്നത്. മറ്റു ചിലരിൽ മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാവാം. വൈറസ് ബാധയേറ്റ് രണ്ട് മുതൽ ആറ് വരെയുള്ള ദിവസങ്ങളിൽ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങും. പതിനാല് ദിവസം വരെ ലക്ഷണങ്ങൾ ഇല്ലാതിരുന്ന കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പ്രതിരോധവും ചികിൽസയും

വെസ്റ്റ്‌ നൈൽ പനിക്ക് പ്രത്യേക വാക്സിനുകളോ ആൻറിവൈറസ് ചികിത്സകളോ ഇല്ല. പനിക്കും മറ്റു ലക്ഷണങ്ങൾക്കുമുള്ള മരുന്നുകൾ ഉപയോഗിക്കാറുണ്ട്. കൊതുക് വഴിയാണ് വെസ്റ്റ് നൈൽ പനി പകരുന്നതിനാൽ കൊതുകിന്റെ ഉറവിട നശീകരണം, ഫോഗിംഗ്, സ്പ്രേയിംഗ് എന്നിവയ്ക്കാണ് പ്രാധാന്യം നൽകേണ്ടത്.

വെസ്റ്റ് നൈൽ പരത്തുന്ന ക്യൂലക്സ് വിഭാഗത്തിൽപ്പെട്ട കൊതുകൾ മലിന ജലത്തിലാണ് വളരുന്നതിനാൽ മലിനജലം കെട്ടി നിൽക്കുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുവാനും പ്രാധാന്യം നൽകുക. ഇതോടൊപ്പം ഓടകൾ, സെപ്റ്റിക് ടാങ്ക്, ബെന്റ് പൈപ്പ് എന്നിവയുടെ ചോർച്ചകൾ ഇല്ലാതാക്കുക. പകരാതിരിക്കാൻ ശ്രദ്ധിക്കുക. കൊതുകുള്ള സ്ഥലങ്ങളിൽ അവയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുക.

അപകടസാദ്ധ്യത

ഏത് പ്രായത്തിലുള്ളവരിലും വൈറസ് ഉണ്ടായേക്കാം. എന്നാൽ, 60 വയസിന് മുകളിലുള്ളവർ ഡയബറ്റിസ്, കാൻസർ, രക്തസമ്മർദ്ദം, കിഡ്നി രോഗങ്ങൾ തുടങ്ങിയ അസുഖങ്ങൾ ഉള്ളവരിലും വൈറസ് ബാധ ഗുരുതരമാകാൻ സാദ്ധ്യതയുണ്ട്. മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ ഗുരുതരലക്ഷണങ്ങൾ ഉള്ളവരിൽ രോഗം മൂർച്ഛിക്കാം. ഇത് മരണത്തിലേക്ക് വരെ നയിച്ചേക്കാം. എന്നാൽ, ഇതുവരെയുള്ള കണക്കുകൾ പ്രകാരം വെസ്റ്റ്‌നൈൽ പനി ബാധിച്ചുള്ള മരണനിരക്ക് വളരെ കുറവാണ്.

പനി ബാധിച്ചാൽ

രോഗലക്ഷണങ്ങൾക്കുള്ള ചികിത്സയാണ് ലഭ്യമാക്കുക. രണ്ടോ മൂന്നോ ആഴ്ചകൊണ്ട് രോഗം പൂർണമായും ഭേദമാകും. എന്നാൽ രോഗം മൂലം ശരീരത്തിനുണ്ടായ ക്ഷീണം മാറാൻ മാസങ്ങൾ വേണ്ടിവന്നേക്കാം.

പ്രതിരോധം

കൊതുകു നിർമാർജ്ജനം
കൊതുകു കടിയേൽക്കാതിരിക്കാനുള്ള മാർഗങ്ങൾ അവലംബിക്കുക
പരിസരം വൃത്തിയായി സൂക്ഷിക്കുക
ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടുക

Tags :
healthkerala
Advertisement
Next Article