For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ബഹിരാകാശത്ത് സുനിതയ്ക്കും സംഘത്തിനും പുതിയ ഭീഷണി; ശ്വാസകോശത്തെ ബാധിക്കുന്ന സൂപ്പർ ബഗ്

03:39 PM Jun 11, 2024 IST | ലേഖകന്‍
ബഹിരാകാശത്ത് സുനിതയ്ക്കും സംഘത്തിനും പുതിയ ഭീഷണി  ശ്വാസകോശത്തെ ബാധിക്കുന്ന സൂപ്പർ ബഗ്
Advertisement
Advertisement

കലിഫോർണിയ: ഇന്ത്യൻ വംശജ സുനിത വില്യംസ് അടക്കം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) ഇപ്പോഴുള്ള ബഹിരാകാശ സഞ്ചാരികളെ ആശങ്കയായി സൂപ്പർ ബഗ്. ബഹിരാകാശ നിലയത്തിലാണ് അപകടകാരിയായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ആന്റി മൈക്രോബിയൽ മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ബാക്ടീരിയയായ എന്ററോബാക്ടർ ബുഗൻഡൻസിസ് ശ്വാസകോശത്തെ മാരകമായി ബാധിക്കുന്ന ഒന്നാണ്. ഇവയെ സൂപ്പർബഗ് എന്നാണ് വിളിക്കുന്നത്.

എറെക്കാലമായി നിലയത്തിലുണ്ടായിരുന്ന ഇവ, അതിനുള്ളിലെ അടഞ്ഞ അന്തരീക്ഷത്തിൽ ജനിതകമാറ്റത്തിലൂടെ കൂടുതൽ ശക്തിയാർജിച്ചിട്ടുണ്ടെന്നും ശാസ്ത്രജ്ഞർ വെളിപ്പെടുത്തി. ഭൂമിയിൽ‌നിന്ന് ബഹിരാകാശ സഞ്ചാരികളിലൂടെയാണ് ഇവ നിലയത്തിലെത്തുന്നത്.

സുനിതാ വില്യംസും സഹയാത്രികൻ ബാരി യൂജിൻ ബുഷ് വിൽമോറും ജൂൺ 6 നാണു പുതിയ ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ ബഹിരാകാശ നിലയത്തിലെത്തിയത്. വില്യംസ് അടങ്ങിയ ടീമാണ് പേടകം രൂപകൽപന ചെയ്തത്. നിലയത്തിലുള്ള മറ്റ് ഏഴു പേർ ദീർഘകാലമായി അവിടെയുള്ളവരാണ്. ബാക്ടീരിയയെ കണ്ടെത്തിയതോടെ ഒരാഴ്ച നീണ്ട നിരീക്ഷണത്തിന് ശേഷമേ സുനിതയ്ക്കും വിൽമോറിനും ഭൂമിയിലേക്ക് മടങ്ങിയെത്താനാവൂ.

ഇരുപത്തിനാലു വർഷത്തോളം ബഹിരാകാശത്ത് കഴിഞ്ഞ ബാക്ടീരിയകൾ ഇതേ ഗണത്തിൽപെടുന്ന, ഭൂമിയിലുള്ള ബാക്ടീരിയകളെക്കാൾ ഏറെ അപകടകാരികളാണ് ഇവ. നിലയത്തിൽ കഴിയുന്ന ബഹിരാകാശ യാത്രികരുടെ ശരീരത്തിലെ പ്രതിരോധ ശേഷി ഭൂമിയിലേതിൽനിന്നു വ്യത്യസ്തമായതിനാൽ ഭൂമിയിലെ ചികിത്സാരീതികൾ എത്രത്തോളം ഫലപ്രദമാകുമെന്നും സംശയത്തിലാണ് ശാസ്ത്രജ്ഞർ. കലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ ഡോ. കസ്തൂരി വെങ്കിടേശ്വരനാണ് പഠനത്തിന് നേതൃത്വം നൽകിയത്.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.