Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പ്രതിപക്ഷമില്ലാത്ത പാർലമെന്റ്

05:54 PM Dec 25, 2023 IST | Veekshanam
Advertisement

എതിർപ്പിന്റെ മുനയൊടിച്ച് ഏകാധിപത്യത്തിന്റെ മുദ്രണം ചാർത്തിയ ഭരണകൂട ഭീകരതയുടെ ഭയപ്പെടുത്തുന്ന ദിവസങ്ങൾക്കാണ് ഇന്ത്യൻ പാർലമെന്റ് ഈ ദിവസങ്ങളിൽ സാക്ഷ്യം വഹിച്ചത്. പ്രതിപക്ഷ നിര ഏറെക്കുറെ ശൂന്യമാക്കി, ചില സുപ്രധാനമായ ബില്ലുകൾ ദോശ ചുട്ടടുക്കുന്ന ലാഘവത്തോടെ പാസാക്കി, മുൻ നിശ്ചയിച്ചതിലും ഒരു ദിവസം മുൻപേ പാർലമെന്റിന്റെ ശീതകാല സമ്മേളനം അനിശ്ചിത കാലത്തേക്കു പിരിഞ്ഞു. ‍‍ഡിസംബർ നാലിനു തുടങ്ങിയ സമ്മേളനം 21 ന് അവസാനിച്ചപ്പോൾ ലോക്സഭയിലെ 133 അം​ഗ പ്രതിപക്ഷ നിരയിൽ അവശേഷിച്ചത് 33 പ്രതിപക്ഷ എംപിമാർ. മുൻനിശ്ചയ പ്രകാരം സഭ 22 വരെ വമ്മേളിച്ചിരുന്നെങ്കിൽ അവശേഷിച്ച ഈ എംപിമാർ കൂടി സഭയിൽ നിന്നു പുറത്താവുമായിരിന്നു.

Advertisement

അക്ഷരാർഥത്തിൽ പ്രതിപക്ഷ നിര തീർത്തും ശൂന്യമായ അവസ്ഥ.
ഇങ്ങനെയൊരു നില ഇന്ത്യയുടെ പാർലമെന്ററി ചരിത്രത്തിലില്ല. പ്രതിപക്ഷ ശൂന്യമായ പാർലമെന്റിന്റെ പൂർണ ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. എന്തിനാണ് പാർലമെന്റിനുള്ളിൽ നരേന്ദ്ര മോദി ഈ രാഷ്‌ട്രീയ അതിക്രമം കാണിച്ചത്? സുരക്ഷയുടെ ഉരുക്കുകോട്ടയെന്നു നരേന്ദ്ര മോദി ആവർത്തിക്കുന്ന ഇന്ത്യൻ പാർലമെന്റിന്റെ പുതിയ മന്ദിരത്തിനുള്ളിൽ, സഭ സമ്മേളിച്ചുകൊണ്ടിരിക്കെ, രണ്ടു യുവാക്കൾ ചാടിയിറങ്ങി നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ നടുക്കത്തോടെയാണ് രാജ്യത്തെ ജനങ്ങൾ കണ്ടത്. ഉപരാഷ്ട്രപതി അടക്കം പരമോന്നത പൗരന്മാർ ഉണ്ടായിരുന്ന പാർലമെന്റ് മന്ദിരത്തിനുള്ളിൽ അര മണിക്കൂറോളം നീണ്ടു നിന്ന ഉദ്വേ​ഗഭരിതമായ സംഭവങ്ങൾക്കിടെ, എംപിമാർ വരെ നേരിട്ട് മല്ല യുദ്ധം നടത്തിയാണ് അക്രമികളെ കീഴടക്കിയത്. അവരുടെ കൈകളിൽ മാരകായുധങ്ങളില്ലാതിരുന്നതും തുറന്നു വിട്ട പുകയിൽ വിഷാംശം ഇല്ലാതിരുന്നതും മഹാഭാ​ഗ്യമായി. അല്ലായിരുന്നെങ്കിൽ രാജ്യത്തിന്റെ നേതൃനിരയുടെ നല്ലൊരു പങ്കും ഇല്ലാതാകുമായിരുന്നു. അതിൽ കോൺ​ഗ്രസ് നേതാക്കൾ മാത്രമല്ല, ബിജെപിയുടെ എംപിമാരും മന്ത്രിമാരുമൊക്കെ ഉണ്ടാകുമായിരുന്നു.

ഇത്ര ഭായനകവും ആശങ്കാ ജനകവുമായ ഒരു സംഭവം ഭരണ പക്ഷത്തിന്റെ മാത്രം വിഷയമല്ല. പാർലമെന്റിന്റെ പൊതുവായ പ്രശ്നമാണത്. സഭയുടെ നാഥനെന്ന നിലയിൽ പ്രധാനമന്ത്രി നേരിട്ടു വന്ന് അം​ഗങ്ങളെ ശാന്തരാക്കാനും അവർക്ക് ആത്മവീര്യം കൊടുക്കാനും അദ്ദേഹത്തിനായിരുന്നു ബാധ്യത കൂടുതൽ. ആഭ്യന്തര മന്ത്രി എന്ന നിലയിൽ അമിത് ഷായ്ക്കുമുണ്ട് വലിയ ഉത്തരവാദിത്വം. എന്നാൽ ഈ ഉത്തരവാദിത്വം രണ്ടു പേരും നിറവേറ്റിയില്ല. ആക്രമണം നടന്ന ഡിസംബർ 13 നുശേഷം ഇരുവരും പാർലമെന്റിൽ വന്നതേയില്ല. പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ വാരണാസിയിലും അഹമ്മദാബാദിലുമിരുന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. അതും ചില സമ്മേളനങ്ങളിൽ. അതാണോ പ്രധാനമന്ത്രിയുടെ ജനാധിപത്യ ബോധം? അത്രയ്ക്കേ ഉള്ളോ, ഈ പ്രധാനമന്ത്രിയുടെ പാർലമെന്ററി മര്യാദ?
മോദി വിലക്കിയിട്ടു തന്നെയാകണം അമിത് ഷായും സഭയിൽ നിന്നു വിട്ടു നിന്നത്. അല്ലെങ്കിൽ അവർ രണ്ടു പേരും ചേർന്നെടുത്ത തീരുമാനം ആയിരിക്കാം. രണ്ടായാലും അതു ജനാധിപത്യമല്ല. അതിശക്തമായ ഏകാധിപത്യത്തിന്റെ ഹൂങ്കാണ്. മാപ്പർഹിക്കാത്ത ജനാധിപത്യ ധ്വംസനമാണ്. ഈ ധ്വംസനത്തിനെതിരേ, നിരായുധരായി, തികച്ചും ജനാധിപത്യപരമായി പ്രതികരിച്ചതിനും പ്രതിഷേധിച്ചതിനുമാണ് 146 എംപിമാരെ പാർലമെന്റിനു പുറത്താക്കി മോദി ജനാധിപത്യത്തിന്റെ ശ്രീകോവിൽ കൊട്ടിയടച്ചത്.

ഡിസംബർ 13 ലെ സുരക്ഷാ ലംഘനം ചർച്ച ചെയ്യുന്നതിനായി റൂൾ 267 പ്രകാരം നോട്ടീസ് സ്വീകരിക്കാൻ ചെയർമാൻ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖർ വിസമ്മതിച്ചതോടെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. 13നു നടന്ന സുരക്ഷാ വീഴ്ചയെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനെത്തുടർന്ന് 14ന് ലോക്‌സഭയിലെ 14 എംപിമാരെയും സഭയിൽ മോശമായി പെരുമാറിയതിന് രാജ്യസഭാ എംപി ഡെറക് ഒബ്രിയനെയും ശീതകാല സമ്മേളനത്തിന്റെ ബാക്കി ഭാഗത്തേക്ക് സസ്‌പെൻഡ് ചെയ്തു .
വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ലോക്സഭയിൽ അംഗങ്ങളോട് ആവശ്യപ്പെട്ടു. പാർലമെന്റ് ആക്രമണം എന്നത് പ്രതിപക്ഷത്തിന്റെ രാഷ്‌ട്രീയമാണോ? 2001ലെ ആക്രണത്തിനു പിന്നാലെ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയും ആഭ്യന്തര മന്ത്രി എൽ.കെ. അഡ്വാനിയും സ്വീകരിച്ച പാർലമെന്ററി നടപടികൾ കുറഞ്ഞ പക്ഷം, മോദിക്ക് ഒന്ന് പരിശോധിക്കാമായിരുന്നു. അന്നും പാർലമെന്റിൽ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചിരുന്നു. പക്ഷേ, സഭ വിശദമായി ചർച്ച ചെയ്താണ് തുടർനടപടികളെല്ലാം സ്വീകരിച്ചത്.

എന്നാൽ, ഇക്കുറി പ്രതിപക്ഷ എംപിമാർ പ്രതിഷേധം തുടർന്നതോടെ ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്, ഡീൻ കുര്യാക്കോഷ്, ഹൈബി ഈഡൻ എന്നിവരെയടക്കം നിരവധി എംപിമാരെ സസ്‌പെൻഡ് ചെയ്തു. ഡിഎംകെയുടെ കനിമൊഴിയും കോൺഗ്രസിന്റെ മാണിക്കം ടാഗോറും ഉൾപ്പെടെയുള്ള എംപിമാരെ സസ്‌പെൻഡ് ചെയ്തു കൊണ്ടാണ് പ്രതിഷേധത്തിന്റെ മുനയൊടിക്കാനുള്ള നടപടികൾക്കു തുടക്കമിട്ടത്.

നരേന്ദ്ര മോദി സർക്കാർ ജനാധിപത്യ മര്യാദകളെ "ചവറ്റുകൊട്ടയിൽ" തള്ളിയതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രസ്താവന അക്ഷരാർഥത്തിൽ നമ്മുടെ അഭിനവ ജനാധിപത്യത്തിന്റെ നേർചിത്രമാണ് വരച്ചിടുന്നത്. അദ്ദേഹം പറഞ്ഞതു പോലെ, പ്രതിപക്ഷത്തിന്റെ സൂക്ഷ്മപരിശോധനയും വിയോജിപ്പും കൂടാതെ കേന്ദ്ര സർക്കാരിന് നിർണായക നിയമങ്ങൾ "ബുൾഡോസ്" ചെയ്യാനുള്ള സാധ്യതയാണ് പാർലമെന്റ് ആക്രമണത്തിലൂ‌ടെ ബിജെപിക്കു തെളിഞ്ഞു കിട്ടിയത്. അവരത് വളരെ സമർഥമായി കൈകാര്യം ചെയ്യുകയും ചെയ്തു. ഏറെക്കുറെ ശൂന്യമായ പ്രതിപക്ഷ നിരയെ സാക്ഷിയാക്കി, സുപ്രധാനമായ നിരവധി ബില്ലുകളാണ് ഒരു ചർച്ചയും ഭേദ​ഗതിയുമില്ലാതെ ട്രഷറി ബെഞ്ച് പാസാക്കിയെടുത്തത്.
അതിലൊന്നാണ് രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഘടന സംബന്ധിച്ചുള്ള ബില്ല്. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷനെയും കമ്മിഷൻ അം​ഗങ്ങളെയും നിയമിക്കാനുള്ള ചട്ടങ്ങളാണു ബില്ലിലുള്ളത്. പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ജസ്റ്റിസ് എന്നിവരടങ്ങിയ പരമോന്നത സമിതിയായിരുന്നു കമ്മിഷനെ നിശ്ചയിച്ചിരുന്നത്. അതിൽ സുപ്രീം കോടതി ജഡ്ജിയെ ഒഴിവാക്കി കേന്ദ്ര ക്യാബിനറ്റ് മന്ത്രിയെ ഉൾപ്പെടുത്തുന്നതാണ് നിർദിഷ്ട ബിൽ. അതായത്, പ്രധാനമന്ത്രിയും ഒരു ക്യാബിനറ്റ് മന്ത്രിയും കൂടി തീരുമാനിച്ചാൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിയമനത്തിന് ആരെയും പേടിക്കാനില്ല.

പത്രസ്ഥാപനങ്ങളിൽ കേന്ദ്ര സർക്കാർ നിയോ​ഗിക്കുന്ന ഏതെങ്കിലും ഉദ്യോ​ഗസ്ഥന് ഏതു നേരത്തും കയറിച്ചെന്നു പരിശോധന നടത്താൻ അധികാരം നൽകുന്ന കമ്യൂണിക്കേഷൻ ബില്ലാണ് പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ പാസാക്കിയെടുത്ത മറ്റൊന്ന്. അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാ​ഗാന്ധി നടപ്പാക്കിയ മാധ്യമ സെൻസർഷിപ്പിനെ പത്രമാരണ നട‌പടിയെന്ന് ആക്ഷേപിച്ച അന്നത്തെ ജനതാ പാർട്ടിയുടെ പിൻമുറക്കാരാണ് ഇന്നത്തെ നരേന്ദ്ര മോദിയും അമിത് ഷായും. പത്രപ്രവർത്തകരെ കിലോമീറ്ററുകൾക്കപ്പുറത്തു നിർത്തുകയും മാധ്യമങ്ങൾക്കു മേൽ കരിനിയമങ്ങളുടെ നിയന്ത്രണങ്ങൾ അടിച്ചേല്പിച്ചു വിമർശനങ്ങളുടെ മുനയൊടിക്കാമെന്നാണ് പുതിയ നിയമത്തിലൂടെ നരേന്ദ്ര മോദി കരുതുന്നത്. അതിന് പാർലമെന്റിൽ ഒരു ചർച്ച പോലും വേണ്ടെന്ന മുൻധാരണയുടെ അടിസ്ഥാനത്തിലാണ് സഭയിൽ നിന്നു പ്രതിപക്ഷ അം​ഗങ്ങളെ മുഴുവൻ പുറത്താക്കിയത്.

ഈ മാസം 13ന് ആദ്യം നുഴഞ്ഞുകയറ്റക്കാർ പാർലമെന്റിനെ ആക്രമിച്ചു. പിന്നീട് മോദി സർക്കാർ പാർലമെന്റിനെയും ജനാധിപത്യത്തെയും ആക്രമിച്ചു. 146 എംപിമാരെ സസ്പെൻഡ് ചെയ്തുകൊണ്ട് എല്ലാ ജനാധിപത്യ മാനദണ്ഡങ്ങളും സ്വേച്ഛാധിപത്യ മോദി സർക്കാർ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുകയാണു ചെയ്തത്.
ഇതായിരുന്നോ നമ്മുടെ പാർമെന്റ്? ഇങ്ങനെയായിരുന്നോ നമ്മുടെ പാർലമെന്റി പ്രവർത്തനം? സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം നടന്ന ഒന്നാം ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനല്ലാതെ കാര്യമായ പ്രാതിനിധ്യം ഒരു പാർട്ടിക്കും ലഭിച്ചില്ല. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പരി​ഗണിക്കപ്പെടാൻ ഒരാൾക്കും യോ​ഗ്യത ഉണ്ടായിരുന്നില്ല. എന്നിട്ടും ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായിരുന്ന അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ് എ.കെ. ​ഗോപാലനെ പ്രധാനമന്ത്രി ജവഹർ ലാൽ നെഹറു പ്രതിപക്ഷ നേതാവാക്കി. സഭയിൽ തനിക്ക് അനുവദിച്ചു കിട്ടിയ സമയം കൂടി എകെജിക്കു നൽകി പ്രതിപക്ഷ വിമർശനങ്ങളെ പരമാവധി പ്രോത്സാഹിപ്പിച്ചു.

കോൺ​ഗ്രസ് അം​ഗങ്ങൾക്കു ലഭിച്ചതിനെക്കാൾ പരി​ഗണന പ്രതിപക്ഷ അം​ഗങ്ങൾക്കു നൽകി. നിയമ നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും പ്രതിപക്ഷ നിർദേശങ്ങൾക്കു വലിയ വില കല്പിച്ചു. നെഹറു മുതൽ ഡോ. മൻമോഹൻസിം​ഗ് വരെയുള്ള മുഴുവൻ പ്രധാനമന്ത്രിമാരും, വാജ് പേയി അ‌ടക്കം, ഈ രീതിയാണു സ്വീകരിച്ചത്. കാരണം അവർക്കു ജനങ്ങളെ പേടിയുണ്ടായിരുന്നു. ജനാധിപത്യത്തിൽ വിശ്വാസമുണ്ടായിരുന്നു. സർവോപരി അധികാരത്തോട് അമിതമായ ഭ്രമമില്ലായിരുന്നു. എന്നാൽ നരേന്ദ്ര മോദി അങ്ങനെയല്ല. അദ്ദേഹം ജനങ്ങളെ പേടിക്കുന്നില്ല. ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ല. പാർലമെന്റിനെ അം​ഗീകരിക്കുന്നില്ല. പത്രമാധ്യമങ്ങളിൽ കൂ‌ടിയുള്ള വിമർശനങ്ങൾ പോലും അനുവദിക്കുന്നില്ല. ഞാനാണ് സമസ്തം എന്ന ഏകാധിപത്യ ധാർഷ്ഠ്യത്തിന്റെ മൂർത്ത രൂപമായി മോദി മാറി എന്നതാണ് ശീതകാല സമ്മേളനത്തിനു തിരശീല താഴുമ്പോൾ പാർലമെന്റിൽ കാണുന്ന ഭീതിതമായ ചിത്രം.

Advertisement
Next Article