ആലപ്പുഴയില്‍ എം പോക്സ് എന്ന് സംശയം: രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍
അമ്പലപ്പുഴ: ആലപ്പുഴയില്‍ ഒരാള്‍ എം പോക്സ് രോഗലക്ഷണങ്ങളോടെ ചികിത്സയില്‍. ബഹ്‌റൈനില്‍ നിന്ന് കഴിഞ്ഞ ദിവസം എത്തിയ പല്ലന സ്വദേശിക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
ഇയാളുടെ രക്തസാമ്പിള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇതിനായി പ്രത്യേകം വാര്‍ഡ് തുറന്നിട്ടുണ്ട്. മൂന്നുദിവസം മുമ്പാണ് 12 കിടക്കകളുള്ള പ്രത്യേക വാര്‍ഡ് തുറന്നത്. വാര്‍ഡില്‍ ആദ്യമായാണ് എം പോക്സ് ലക്ഷണങ്ങളോടെ ഒരാളെ പ്രവേശിപ്പിക്കുന്നത്. പരിശോധനാ ഫലം കിട്ടിയാലേ എംപോക്‌സാണെന്ന് സ്ഥിരീകരിക്കാനാകൂവെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.
അതേസമയം, എംപോക്‌സ് ലക്ഷണങ്ങളോടെ കണ്ണൂരില്‍ ചികിത്സയിലുണ്ടായിരുന്ന യുവതിക്ക് അസുഖമില്ലെന്ന് സ്ഥിരീകരിച്ചു. യുവതിക്ക് ചിക്കന്‍പോക്‌സാണ് ബാധിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലാബില്‍ നടത്തിയ സ്രവ പരിശോധനയിലാണ് എംപോക്‌സ് ഇല്ലെന്ന് സ്ഥിരീകരിച്ചത്.വിദേശത്ത് നിന്നെത്തിയ മുപ്പത്തിയൊന്നുകാരിയാണ് എം പോക്സ് ലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്നത്. സെപ്റ്റംബര്‍ ഒന്നിനാണ് ഇവര്‍ അബൂദബിയില്‍ നിന്ന് നാട്ടിലെത്തിയത്. പിന്നാലെ യുവതിയും ഭര്‍ത്താവും നിരീക്ഷണത്തിലായിരുന്നു. യുവതിയുടെ മൂന്നു വയസ്സുള്ള കുഞ്ഞിന് സമാന രോഗ ലക്ഷണങ്ങള്‍ ഉണ്ടാവുകയും പിന്നീട് അത് ചിക്കന്‍പോക്‌സ് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.നേരത്തെ, ദുബൈയില്‍നിന്നെത്തിയ 38 വയസുകാരനായ മലപ്പുറം എടവണ്ണ സ്വദേശിക്ക് എംപോക്‌സ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്