Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വിജയത്തിളക്കത്തിനായി വാരിക്കോരി എ പ്ലസ്; സർക്കാരിന് വിദ്യാഭ്യാസ ഡയറക്ടറുടെ 'കൊട്ട്'

07:32 PM Dec 05, 2023 IST | Veekshanam
Advertisement

നിലപാടിൽ അതൃപ്തി പ്രകടമാക്കി വിദ്യാഭ്യാസ മന്ത്രി, ശബ്ദരേഖയെക്കുറിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശം

Advertisement

പ്രത്യേക ലേഖകൻ

തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ അർഹതയില്ലാത്ത വിദ്യാർത്ഥികൾക്കും എ പ്ലസ് നൽകുന്നത് വിദ്യാഭ്യാസ നിലവാരം തകർക്കുമെന്ന വിമർശനം നിലനിൽക്കെ, അതേ വാദം ശരിവെച്ച് വിദ്യാഭ്യാസ ഡയറക്ടർ സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവന്നത് സർക്കാരിനെ കുരുക്കിലാക്കി. ഉയർന്ന വിജയ ശതമാനം സർക്കാരിന്റെ നേട്ടമാക്കി പ്രചരിപ്പിക്കുന്നതിന് വേണ്ടി സർക്കാരും വിദ്യാഭ്യാസ വകുപ്പും ചെപ്പടിവിദ്യകൾ കാണിക്കുകയാണെന്ന വിദ്യാഭ്യാസ വിദഗ്ധരുടെ വാദത്തിന് ശക്തിപകരുന്നതാണ് ശബ്ദരേഖ.  അക്ഷരം വായിക്കാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്ന് എസ്എസ്എൽസി ചോദ്യപ്പേപ്പർ തയാറാക്കാനായി നവംബറിൽ ചേർന്ന അധ്യാപകരുടെ  ശിൽപശാലയിൽ എസ്. ഷാനവാസ് വിമർശനം ഉന്നയിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. അതേസമയം,  വിദ്യാഭ്യാസ ഡയറക്ടറുടെ നിലപാടിനെ തള്ളി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്തുവന്നു. ഡയറക്ടറുടേത് സർക്കാരിന്റെ നയമല്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ചാനലിൽ വന്ന ശബ്ദരേഖയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ഡയറക്ടർക്ക് തന്നെ നിർദ്ദേശം നൽകി.
സ്വന്തം പേര് എഴുതാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുവെന്നാണ് വിദ്യാഭ്യാസ ഡയറക്ടറുടെ വിമർശനം. പൊതുപരീക്ഷകളിൽ കുട്ടികളെ ജയിപ്പിക്കുന്നതിനെ എതിർക്കുന്നില്ല, പക്ഷെ അമ്പത് ശതമാനം മാർക്കിനപ്പുറം വെറുതെ നൽകരുതെന്നാണ് ശബ്ദരേഖയിൽ പറയുന്നത്. ''ആര്‍ക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്. പരീക്ഷകൾ പരീക്ഷകളാവുക തന്നെ വേണം. കുട്ടികൾ ജയിച്ചുകൊളളട്ടെ വിരോധമില്ല. പക്ഷേ അമ്പത് ശതമാനത്തിൽ കൂടുതൽ വെറുതെ മാർക്ക് നൽകരുത്. എല്ലാവരും എ പ്ലസിലേക്കോ? എ കിട്ടുക, എ പ്ലസ് കിട്ടുക എന്നൊക്കെ പറയുന്നത് നിസാര കാര്യമാണോ? 'അക്ഷരം കൂട്ടിവായിക്കാൻ അറിയാത്തവർക്കും എ പ്ലസ് കിട്ടുന്നുണ്ട് . 69,000 പേര്‍ക്ക് എല്ലാ  പ്രാവശ്യവും എ പ്ലസ് എന്ന് വെച്ചാൽ ശരിയല്ല. എനിക്ക് നല്ല ഉറപ്പുണ്ട്, അക്ഷരം കൂട്ടി വായിക്കാനറിയാത്ത കുട്ടികൾക്ക് വരെ അതിൽ എ പ്ലസ് ഉണ്ട്. പൊതുപരീക്ഷകളിൽ കുട്ടികളെ ജയിപ്പിക്കുന്നതിനെ എതിർക്കുന്നില്ല. 50% വരെ മാർക്കു നൽകാം. 50% മാർക്കിനപ്പുറം വെറുതെ നൽകരുത്. അവിടെ നിർത്തണം. അതിനപ്പുറമുള്ള മാർക്ക് കുട്ടികൾ നേടിയെടുക്കേണ്ടതാണ്. അല്ലെങ്കിൽ നമ്മൾ വിലയില്ലാത്തവരായി, കെട്ടുകാഴ്ച്ചയായി മാറും. പരീക്ഷ പരീക്ഷയായി മാറണം. എ പ്ലസ് കിട്ടുന്നത് നിസാര കാര്യമല്ല. താൻ പഠിച്ചിരുന്നപ്പോൾ 5000 പേർക്കു മാത്രമാണ് എസ്എസ്എൽസിയിൽ ഡിസ്റ്റിങ്ഷൻ ഉണ്ടായിരുന്നത്. ഇപ്പോൾ 69,000 പേർക്കാണ് എ പ്ലസ് കിട്ടിയത്. എ പ്ലസും, എ ഗ്രേഡും നിസ്സാരമല്ല, ഇത് കുട്ടികളോടുള്ള ചതിയാണ്. സ്വന്തം പേര് എഴുതാനറിയാത്തവർക്ക് പോലും എ പ്ലസ് നൽകുന്നു. കേരളത്തെ ഇപ്പോൾ കൂട്ടിക്കെട്ടുന്നത് ബിഹാറുമായാണ്. യൂറോപ്പിലെ ഏറ്റവും മികച്ച വിദ്യാഭ്യാസവുമായി താരതമ്യം ചെയ്യുന്നിടത്ത് നിന്നാണ് ഈ അവസ്ഥയിലേക്ക് എത്തിയത്'' -ശബ്ദരേഖയിൽ പറയുന്നു.
ഈ വർഷം 99.7 ആയിരുന്നു എസ്എസ്എൽസി പരീക്ഷയിലെ വിജയശമാനം. 68,604 വിദ്യാർത്ഥികൾക്കായിരുന്നു ഫുൾ എ പ്ലസ്. കഴിഞ്ഞ വർഷം ഇത് 99.2 ശതമാനമായിരുന്നു.  44,363 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിക്കുകയും ചെയ്തു. ഓരോ വർഷവും ഉയരുന്ന വിജയശതമാനം ഉയർത്തിക്കാട്ടി കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗം മെച്ചപ്പെടുന്നുവെന്ന അവകാശപ്പെടലുകൾക്കിടിയലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ തന്നെ വിമർശനം.
അതേസമയം, പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് സർക്കാർ നയമെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. തികച്ചും ആന്തരികമായി നടക്കുന്ന ശില്പശാലകളിൽ വിമർശനപരമായി വിദ്യാഭ്യാസത്തെ എങ്ങിനെ സമീപിക്കണം എന്ന് അഭിപ്രായം പറയുന്നതിനെ സർക്കാർ നിലപാടായി കാണേണ്ടതില്ല.
കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വർദ്ധിപ്പിക്കുക എന്നത് സർക്കാർ നയമല്ല. എല്ലാ കുട്ടികളേയും ഉൾച്ചേർത്തു കൊണ്ടും ഉൾക്കൊണ്ടു കൊണ്ടും ഗുണമേന്മ വർദ്ധിപ്പിക്കുക എന്നതാണ് സർക്കാർ നയം. അതിൽ ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

Tags :
featuredkerala
Advertisement
Next Article