സിദ്ധാർഥന്റെ കൊലപാതകത്തിൽ വീണ്ടും ഇടപെട്ട് ഗവർണർ
തിരുവനന്തപുരം: പൂക്കോട് വെറ്റനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാർഥനെതിരായ ക്രൂര റാഗിങ്ങിലും ആൾക്കൂട്ട വിചാരണയിലും പൂക്കോട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് കോളജ് അധികൃതർ വിദ്യാർഥികൾക്ക് എതിരെയെടുത്ത നടപടി റദ്ദാക്കിയ സംഭവത്തിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമോപദേശം പോലും തേടാതെ വിദ്യാർഥികളുടെ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ വൈസ് ചാൻസലർ റദ്ദാക്കിയ സംഭവത്തിലാണ് ഗവർണർ വിശദീകരണം തേടിയത്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ വി.സിയുടെ നടപടി റദ്ദാക്കുമെന്നാണ് സൂചന.
സർവകലാശാലയുടെ ലോ ഓഫിസറിൽനിന്നു നിയമോപദേശം തേടിയ ശേഷമേ ആന്റി റാഗിങ് കമ്മിറ്റിയുടെ നടപടി റദ്ദാക്കാനാകൂ എന്നിരിക്കെയാണ്, സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാളുടെ സ്വന്തക്കാരായ വിദ്യാർഥികളെ സംരക്ഷിക്കുന്നതിനായി വിസി ധൃതിപിടിച്ചുള്ള തീരുമാനം നടപ്പാക്കിയതെന്ന് വിമർശനം ഉയർന്നിരുന്നു. സിദ്ധാർഥനെതിരായ ആൾക്കൂട്ട വിചാരണയിൽ നേരിട്ടു പങ്കാളികളാകുകയോ കുറ്റകൃത്യം അധികൃതരിൽനിന്നു മറച്ചുവയ്ക്കുകയോ ചെയ്ത വിദ്യാർഥികൾക്ക് എതിരെയാണ് ആന്റി റാഗിങ് സ്ക്വാഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആന്റി റാഗിങ് കമ്മിറ്റി നടപടിയെടുത്തത്. 31 പേരെ കോളജിൽനിന്നു പുറത്താക്കുകയും ഹോസ്റ്റലിൽ ഉണ്ടായിരുന്ന 90 പേരെ ഏഴു ദിവസത്തേക്കു സസ്പെൻഡ് ചെയ്യുകയും ചെയ്തു.
എന്നാൽ, സസ്പെൻഷൻ നടപടി നേരിട്ടവർ നൽകിയ അപ്പീലിൽ സീനിയർ ബാച്ചിലെ രണ്ടുപേരുൾപ്പെടെ 33 വിദ്യാർഥികളെയാണ് വി.സി തിരിച്ചെടുത്തത്. ബഹുഭൂരിപക്ഷം പേർക്കും സംഭവത്തിൽ നേരിട്ടു പങ്കില്ലെങ്കിലും കുറച്ചുപേർക്കു മാത്രമായി ശിക്ഷ ഇളവുചെയ്തതിൽ രാഷ്ട്രീയ സ്വാധീനവും സ്വജനപക്ഷപാതവും ഉണ്ടായെന്നാണ് ആരോപണം. വി.സിക്കു കിട്ടിയ അപ്പീൽ ലോ ഓഫിസർക്ക് നൽകാതെ സർവകലാശാല ലീഗൽ സെല്ലിൽത്തന്നെ തീർപ്പാക്കുകയായിരുന്നു. ആന്റി റാഗിങ് കമ്മിറ്റി അന്തിമ റിപ്പോർട്ട് നൽകുന്നതിനു മുൻപേ സർവകലാശാല നൽകിയ ശിക്ഷാ ഇളവ്, നിലവിൽ റിമാൻഡിലുള്ള പ്രതികൾക്കു സഹായകരമാകാൻ ഇടയുണ്ടെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.