തായ്‌ലന്റ് തലസ്ഥാനമായ ബാങ്കോക്കില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു
തായ്‌ലന്റ്: തായ്‌ലന്റ് തലസ്ഥാനമായ ബാങ്കോക്കില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായിപ്പോയ ബസിന് തീപിടിച്ചു. 33 കുട്ടികളും 6 ടീച്ചര്‍മാരുമടക്കം 44 പേരാണ് അപകടം നടക്കുമ്പോള്‍ ബസ്സിനകത്തുണ്ടായിരുന്നത്. 16 കുട്ടികളും മൂന്ന് അധ്യാപകരും അപകടത്തില്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. 25 പേര്‍ മരിച്ചു.
തീപിടിത്തത്തില്‍ ബസ് പൂര്‍ണമായും കത്തി നശിച്ചു. അതുകൊണ്ടുതന്നെ പല മൃതദേഹങ്ങളും ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ചൂട് കാരണം വാഹനത്തിനകത്തേക്ക് രക്ഷാദൗത്യത്തിന് പ്രവേശിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അപകടത്തില്‍ രക്ഷപെട്ടവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.വടക്കന്‍ പ്രവിശ്യയായ ഉതൈ താനിയില്‍ നിന്നും ഫീല്‍ഡ് ട്രിപ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികളും അധ്യാപകരും സഞ്ചരിച്ചിരുന്ന മൂന്ന് ബസുകളില്‍ ഒന്നാണ് കത്തിനശിച്ചത്. അതേസമയം, അപകടത്തില്‍ പരിക്കേറ്റവരുടെ എല്ലാ ചികിത്സാ ചെലവുകളും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരവും നല്‍കുമെന്ന് പ്രധാനമന്ത്രി ഷിനവത്ര കൂട്ടിച്ചേര്‍ത്തു.