For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളില്‍ മരം കടപുഴകി വീണു

02:48 PM Jul 05, 2024 IST | Online Desk
ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളില്‍ മരം കടപുഴകി വീണു
Advertisement

അടിമാലി: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളില്‍ വന്‍ മരം കടപുഴകി. വന്‍ ദുരന്തം തലനാരിഴക്ക് ഒഴിവായി. അടിമാലി -കുമളി ദേശീയപാതയില്‍ അടിമാലി ടൗണില്‍ പഞ്ചായത്ത് ഓഫിസിന് മുന്നിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് രാജാക്കാട് - തൊടുപുഴ റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസിന് മുകളിലാണ് വന്‍മരം വീണത്.

Advertisement

ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. ഗ്ലാസ് പൊട്ടി വീണതിനെ തുടര്‍ന്ന് രാജകുമാരി സ്വദേശിനി ഷീല(38)ക്ക് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല. 50ഓളം യാത്രക്കാരുമായി വന്ന സര്‍വിസ് ബസ് ആണ്. ചെറിയ വ്യത്യാസത്തിലാണ് വന്‍ ദുരന്തം വഴിമാറിയത്.

വൈദ്യുതി ലൈനിന് മുകളിലായതിനാല്‍ വലിയ ശബ്ദം ഉണ്ടായത് പരിഭ്രാന്തി സൃഷ്ടിച്ചു. രണ്ടാഴ്ച മുന്‍പ് ഇതേ മരത്തിന്റെ ശിഖരം ഓട്ടോക്ക് മുകളില്‍ ഒടിഞ്ഞുവീണിരുന്നു. അന്ന് ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഈ സമയം മരം മുറിച്ച് മാറ്റാന്‍ ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും മരത്തിന് കുഴപ്പമില്ലെന്ന നിഗമനത്തില്‍ വെട്ടിമാറ്റിയിരുന്നില്ല. 100 ഇഞ്ചിന് മുകളില്‍ വലുപ്പമുള്ള വന്‍മരമാണിത്. അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് തദ്ദേശ സ്ഥാപനങ്ങള്‍ പാലിക്കാത്തതാണ് പ്രശ്‌നത്തിന് കാരണം. അടിമാലി സര്‍ക്കാര്‍ സ്‌കൂളിലും ഇത്തരത്തില്‍ നിരവധി മരങ്ങളാണ് അപകടാവസ്ഥയില്‍ നില്‍ക്കുന്നത്.

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ വാളറ മുതല്‍ നേര്യമംഗലം വരെ വനമേഖലയിലും ഇത്തരത്തില്‍ ധാരാളം മരങ്ങള്‍ അപകടാവസ്ഥയിലുണ്ട്. ദിവസവും മരം വീണ് ഈ ഭാഗത്ത് ഗതാഗതം തടസ്സപ്പെടുന്നുണ്ട്. അടുത്തിടെ നേര്യമംഗലം വില്ലാഞ്ചിറയില്‍ കാറിന് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചിരുന്നു.

Author Image

Online Desk

View all posts

Advertisement

.