For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഓട്ടോയില്‍ പാട്ട് വയ്ക്കാത്തതിന് ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍

03:27 PM Sep 04, 2024 IST | Online Desk
ഓട്ടോയില്‍ പാട്ട് വയ്ക്കാത്തതിന് ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍
Advertisement

മലപ്പുറം: തിരൂര്‍ വെട്ടം ചീര്‍പ്പില്‍ ഓട്ടോഡ്രൈവറെ വെട്ടിപ്പരിക്കേല്‍പിച്ച യുവാവാണ് അറസ്റ്റിലായത്.തൃശൂര്‍ ചെറുതുരുത്തി സ്വദേശി തച്ചകത്ത് അബ്ദുല്‍ ഷഫീഖ്(28) ആണ് അറസ്റ്റിലായത്. കല്‍പകഞ്ചേരി കല്ലിങ്ങപ്പറമ്പില്‍ സ്വദേശി കരുവായി പറമ്പില്‍ കറുപ്പന്റെ മകന്‍ ഉണ്ണികൃഷ്ണനാണ് (35) വെട്ടേറ്റ് ഗുരുതര പരിക്കേറ്റത്. ചൊവ്വാഴ്ച അര്‍ധരാത്രിയാണ് സംഭവം. കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡ് ഭാഗത്തുനിന്ന് രാത്രി 11.30ഓടെ ട്രിപ്പ് വിളിച്ച് പോകുന്നതിനിടെ വെട്ടം ചീര്‍പ്പിലെത്തിയപ്പോഴാണ് 28കാരന്‍ ഡ്രൈവറുടെ ചെവിക്കും തലക്കും കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisement

ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് ചന്തപ്പടിയില്‍നിന്നും ഉണ്ണികൃഷ്ണന് ഓട്ടം കിട്ടുന്നത്. യാത്രക്കാരന്റെ കൈയില്‍ പച്ചക്കറി കവറടക്കം ഉണ്ടായിരുന്നതിനാല്‍ ഉണ്ണികൃഷ്ണന് സംശയമൊന്നും തോന്നിയില്ല. തിരൂര്‍ എത്തും മുന്‍പേ ഡ്രൈവറുമായി ഇയാള്‍ കൂടുതല്‍ ഇടപഴകി. തിരൂര്‍ എത്തിയപ്പോള്‍ തിരിച്ച് ഒറ്റക്കല്ലേ യാത്രയെന്നും പറഞ്ഞ് ഡ്രൈവര്‍ക്ക് ചായയും വാങ്ങിക്കൊടുത്തിരുന്നു.ഇതിന് ശേഷമാണ് വെട്ടത്തേക്ക് എത്തിക്കണമെന്ന് യാത്രക്കാരന്‍ ആവശ്യപ്പെട്ടത്.ഇതിനിടയില്‍ മദ്യശാലയില്‍ പോയി മദ്യം കഴിച്ച് തിരിച്ച് ഓട്ടോയില്‍ കയറി. ഇറങ്ങാനുള്ള സ്ഥലമെത്തിയതോടെയായിരുന്നു പിന്നില്‍ നിന്നുള്ള അക്രമം.ഓട്ടോയില്‍ പാട്ട് വെച്ചില്ലായെന്ന് കാരണം പറഞ്ഞാണ് യാത്രക്കാരന്‍ വെട്ടിയതെന്നാണ് പറയുന്നത്. വെട്ടേറ്റ ഉണ്ണികൃഷ്ണന്‍ തൊട്ടടുത്തുള്ള വെട്ടം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.എം.ടി ബാവയുടെ വീട്ടിലേക്ക് രക്തം വാര്‍ന്നൊലിക്കുന്ന നിലയില്‍ ഓടിക്കയറുകയായിരുന്നു.വിവരം ചോദിച്ചറിഞ്ഞ സി.എം.ടി ബാവ നാട്ടുകാരേയും കൂട്ടി ഉണ്ണികൃഷ്ണനെ തിരൂര്‍ ജില്ല ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Author Image

Online Desk

View all posts

Advertisement

.