ആശ്രാമം മൈതാനത്ത് അബിഗേല്‍ സാറയുടെ നിറഞ്ഞ ചിരി
കൊല്ലം: മലയാളിയുടെ മനസാക്ഷിയെ ഞെട്ടിച്ച ഓയൂരിലെ പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ സംഭവം നടന്നിട്ട് മാസങ്ങളായിട്ടും കലോത്സവ വേദിയില്‍ അബിഗേല്‍ സാറയെ ഓര്‍മ്മിപ്പിക്കുന്ന കാരിക്കേച്ചറുകള്‍ കാണികളെ വിസ്മയത്തിലാക്കുന്നു. ട്യൂഷന് പോകും വഴി സഹോദരന് മുന്നില്‍വെച്ച് അജ്ഞാതസംഘം കടത്തിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേല്‍ സാറയെ… നീണ്ട സമയത്തിന് ശേഷം ആശ്രാമം മൈതാനത്ത് നിസ്സഹായായി ഇരിക്കുന്ന കുഞ്ഞിന്റെ മുഖം നമ്മില്‍ ഒരേ സമയം ആശ്വാസവും ആശങ്കയുമുണര്‍ത്തിയിരുന്നു. അന്ന് പേടിച്ചരണ്ട ആ കുഞ്ഞ് ഇന്ന് ചിരിച്ച മുഖവുമായി ആശ്രാമത്ത് തന്നെയുണ്ട്. 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം ജില്ല വേദിയാകുമ്പോള്‍ പ്രധാന വേദിയായ ആശ്രാമം മൈതാനത്താണ് അബിഗേല്‍ സാറ എന്ന ആറു വയസുകാരിയെ ഓര്‍മ്മിപ്പിക്കുന്ന കാരിക്കേച്ചറുള്ളത്. കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെയുള്ള മനുഷ്യരെ നോക്കി ആധിയില്ലാതെ അവള്‍ ചിരിച്ചു കൊണ്ടിരിക്കുന്ന കാഴ്ച കൊല്ലത്തെത്തുന്നവരെ ഒരു നിമിഷം പിടിച്ചു നിര്‍ത്തും. ഏകദേശം 2880 സ്‌ക്വയര്‍ഫീറ്റിലാണ് ആശ്രാമത്ത് കാരിക്കേച്ചര്‍ തയ്യാറാക്കിയിരിക്കുന്നത്. 16 കൊല്ലങ്ങള്‍ക്ക് ശേഷം കൊല്ലത്തെത്തുന്ന സ്വര്‍ണക്കപ്പിനെയും കലാകാരന്‍മാരെയും ആഘോഷമായി സ്വീകരിക്കാനുള്ള തീരുമാനമാണ് ഇത്തരമൊരു വര്‍ക്ക് ചെയ്യാന്‍ കലോത്സവത്തിന്റെ സംഘാടകസമിതിയെ പ്രേരിപ്പിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ 30 ഓളം സ്‌കൂള്‍ ചിത്രകലാ അധ്യാപകരാണ് കാരിക്കേച്ചറിന്റെ പിന്നിലുള്ളത്. സ്‌പ്രേ പെയിന്റിങ്ങാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് പൂര്‍ത്തിയാക്കിയ കാരിക്കേച്ചറില്‍ ഓച്ചിറക്കളി മുതല്‍ തൂക്കുപാലം വരെയുണ്ട്.