ഉച്ചവിശ്രമ നിയമം കര്‍ശനമാക്കി അബുദാബി
അബുദാബി :പുറം തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് കടുത്ത വേനലില്‍ സുരക്ഷയൊരുക്കാന്‍ ലക്ഷ്യമിട്ടുള്ള ഉച്ചവിശ്രമ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നിര്‍മാണ മേഖലകളില്‍ പരിശോധന കര്‍ശനമാക്കി അബൂദാബി സിറ്റി മുനിസിപ്പാലിറ്റി. പരിസ്ഥിതി, ആരോഗ്യസുരക്ഷ ഡിപ്പാര്‍ട്‌മെന്റുകള്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15വരെ മൂന്നു മാസത്തേക്കാണ് മാനവ വിഭവശേഷി, എമിററ്റൈസേഷന്‍ മന്ത്രാലയം രാജ്യത്ത് ഉച്ച വിശ്രമം നിയമം പ്രഖ്യാപിച്ചത്.
ഈ കാലയളവില്‍ പുറം തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചക്ക് 12 മുതല്‍ മൂന്നു മണിവരെ വിശ്രമം അനുവദിക്കണമെന്നാണ് നിയമം. നിയമലംഘകര്‍ക്ക് അരലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. ഉച്ച സമയത്ത് തൊഴിലാളികള്‍ക്ക് വിശ്രമിക്കാനാവശ്യമായ സൗകര്യങ്ങള്‍ തൊഴിലുടമ ഒരുക്കണം.
വെള്ളം, വൈദ്യുതി, ഗതാഗതം തുടങ്ങിയ അടിയന്തര വിഭാഗത്തിലുള്ള ജോലികള്‍ക്ക് നിയമത്തില്‍ ഇളവുണ്ട്. എന്നാല്‍, ഇത്തരം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കുടകള്‍, കുടിവെള്ളം, ഭക്ഷണം എന്നിവ നല്‍കണമെന്നും പ്രഥമ ശുശ്രൂഷ കിറ്റുകള്‍ കൈവശം വെക്കണമെന്നും തൊഴിലുടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ നിര്‍മാണക്കമ്പനികളും നിയമം പാലിക്കണമെന്ന് അബൂദബി മുനിസിപ്പാലിറ്റി അഭ്യര്‍ഥിച്ചു.
തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് സമഗ്രമായ നിയമം നടപ്പാക്കുന്നത്. തുടര്‍ച്ചയായി 20ാം വര്‍ഷമാണ് ഉച്ചവിശ്രമ നിയമം യു.എ.ഇയില്‍ നടപ്പാക്കുന്നത്. ഉച്ചവിശ്രമവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കാള്‍ സെന്റര്‍ (600590000), സ്മാര്‍ട്ട് ആപ്, വെബ്‌സൈറ്റ് എന്നിവ മുഖേന അറിയിക്കാം.