ശബ്ദമലിനീകരണം കുറയ്ക്കാന്‍ ശാസ്ത്രീയമായ പഠനം നടത്താന്‍ അബുദാബി
അബൂദബി: എമിറേറ്റില്‍ ശബ്ദമലിനീകരണമുണ്ടാക്കുന്ന പ്രധാന ഉറവിടങ്ങളെ കണ്ടെത്തുകയും ഏറ്റവും മോശമായി ബാധിക്കുന്ന റെസിഡന്‍ഷ്യല്‍ ജില്ലകളെ അടയാളപ്പെടുത്തുകയും ചെയ്യുന്നതിനുള്ള ശാസ്ത്രീയ നടപടികള്‍ ആരംഭിക്കുമെന്ന് അബൂദബി പരിസ്ഥിതി ഏജന്‍സി (ഇ.എ.ഡി) അറിയിച്ചു. ശാസ്ത്രീയമായ പഠനങ്ങളുടെ സഹായത്തോടെയാണ് ഓരോ മേഖലയിലും ശബ്ദമലിനീകരണം എത്രത്തോളം ബാധിച്ചെന്ന് കണ്ടെത്തുക.
ഇതിനായി പ്രത്യേക 'നോയ്‌സ് കമ്മിറ്റിക്കും' രൂപം നല്‍കിയിട്ടുണ്ട്. അബൂദബിയിലെ 10 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സമിതി. ശബ്ദമലിനീകരണം തടയുന്നതിന് ഭാവിയില്‍ എടുക്കേണ്ട മുന്‍കരുതലുകള്‍, മാനദണ്ഡങ്ങള്‍ എന്നിവക്ക് രൂപം നല്‍കുകയാണ് സമിതിയുടെ ലക്ഷ്യം. ഓരോ സ്ഥാപനവും പ്രവര്‍ത്തിക്കുന്ന മേഖലയിലെ ശബ്ദം ലഘൂകരിക്കാന്‍ സഹായിക്കുന്നതിനുള്ള പദ്ധതികള്‍ കണ്ടെത്താന്‍ നോയ്‌സ് പ്രോജക്ടിന്റെ കണ്ടെത്തലുകള്‍ കമ്മിറ്റി ഉപയോഗപ്പെടുത്തും. അതോടൊപ്പം ശബ്ദമലിനീകരണം ഇല്ലാത്ത ഭാവിക്കുവേണ്ടിയുള്ള പദ്ധതികളും രൂപപ്പെടുത്തും.
ഓരോ ജില്ലകളിലും ശബ്ദമലിനീകരണത്തിന്റെ ആഘാതം എത്രത്തോളമുണ്ടെന്ന് നിര്‍ണയിക്കാന്‍ പഠന രേഖകള്‍ പരിസ്ഥിതി ഏജന്‍സിയെ സഹായിക്കും. ശബ്ദമലിനീകരണം ഏറ്റവും മോശമായി ബാധിച്ച ഏരിയകളുടെ ഭൂപടം നിര്‍മിക്കുന്നതിന് ഈ രേഖകള്‍ ഉപയോഗിക്കും. അബൂദബിയിലെ ജനങ്ങള്‍ക്ക് ഏറ്റവും മികച്ച പരിസ്ഥിതി സാഹചര്യം സൃഷ്ടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യമെന്ന് എന്‍വയണ്‍മെന്റ് ക്വാളിറ്റി സെക്ടര്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫൈസല്‍ അല്‍ ഹമ്മദി പറഞ്ഞു.
വായു നിലവാര നിരീക്ഷണ ശൃംഖലയിലൂടെ 2017 മുതല്‍ ശബ്ദ ഉറവിടങ്ങളെ സമിതി നിരീക്ഷിച്ചുവരുന്നുണ്ട്. പുതിയ പദ്ധതി ഇതിന്റെ തുടര്‍ച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന ശബ്ദമുള്ള ഏരിയകളെ തിരിച്ചറിയുന്നതിലൂടെ ആരോഗ്യപരമായ അപകടങ്ങള്‍ നിര്‍ണയിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും കഴിയും. കൂടാതെ വ്യവസായ, വാണിജ്യ മേഖലകളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഭൂമി കണ്ടെത്തുമ്പോള്‍ റെസിഡന്‍ഷ്യല്‍ ഏരിയകള്‍, സ്‌കൂള്‍ മേഖലകള്‍ എന്നിവയെ പരിഗണിക്കാനും ആവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.