മൂക്കന്നൂർ കൂട്ടക്കൊലക്കേസിൽ പ്രതി ബാബുവിന് വധശിക്ഷ
അങ്കമാലി: മൂക്കന്നൂർ കൂട്ടക്കൊലക്കേസിൽ പ്രതി ബാബുവിന് വധശിക്ഷ വിധിച്ച് കോടതി. സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. മറ്റ് രണ്ട് കൊലപാതകങ്ങളിൽ ഇരട്ട ജീവപര്യന്തവും വിധിച്ചു. 14 വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി 4.1 ലക്ഷം രൂപ പിഴയും ചുമത്തി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കുടുംബ വഴക്കിനെ തുടർന്ന് സഹോദരനായ ശിവന്‍, ഭാര്യ വത്സല, മകള്‍ സ്മിത എന്നിവരെയാണ് ബാബു വെട്ടിക്കൊലപ്പെടുത്തിയത്. കുടുംബ വഴക്ക് കൂട്ടക്കൊലയില്‍ കലാശിക്കുകയായിരുന്നു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി പറഞ്ഞു. സ്മിത കൊലക്കേസില്‍ പ്രതി കൊലപാതകം നടത്തിയ രീതി കണക്കിലെടുത്താണ് കോടതി ബാബുവിന് വധശിക്ഷ വിധിച്ചത്. 35ഓളം വെട്ടുകളാണ് സ്മിതയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്.
കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ബിന്ദു പറഞ്ഞു. മൂന്നുപേരെ ക്രൂരമായി വെട്ടിക്കൊന്ന കേസാണ്. ഇതിൽ നീതി നടപ്പാക്കപ്പെട്ടു. ഒന്നര വർഷത്തോളം വാദം നടന്നു. മുറിവുകളാണ് കേസിലെ പ്രധാന തെളിവുകൾ. കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് 10 വർഷം തടവ് വിധിച്ചു. ആകെ 46 വർഷം തടവാണ് ബാബുവിന് വിധിച്ചിരിക്കുന്നത്.