പ്രതികളെ എത്തിച്ചത് അടൂർ കെഎപി ക്യാംപിൽ
കൊല്ലം: തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതികളെ എത്തിച്ചത് അടൂരിലെ സായുധ സേനാ ക്യാംപ് മൂന്നിൽ. ശബരിമല വിശേഷങ്ങളുമായി ബന്ധപ്പെട്ട് ഐജി സ്പർജൻ കുമാർ ഇന്നലെ പത്തനംതിട്ടയിലായിരുന്നു ക്യാംപ്. രാവിലെ തന്നെ പ്രതികളെ തേടി കൊല്ലം സിറ്റി കമ്മിഷണറുടെ പ്രത്യേക സ്ക്വാഡിലെ അംഗങ്ങൾ തെങ്കാശിയിലേക്കു പുറപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം അതീവ രഹസ്യമായി സൂക്ഷിച്ചു. പൊലീസിലെ തന്നെ വളരെ ചുരുക്കം പേർക്കു മാത്രമേ ഇതേക്കുറിച്ച് വിവരം കിട്ടിയിരുന്നുള്ളു.
ക്രമസമാധാന ചുതലയുള്ള എഡിജിപി എം.ആർ അജിത് കുമാർ, ഈ കേസിന്റെ അന്വേഷണ ചുമതലയുള്ള ഡിഐജി ആർ. നിശാന്തിനി എന്നിവരുടെ നേതൃത്വത്തിൽ റൂറൽ എസ്പി, ജില്ലയിലെ ഡിവൈഎസ്പിമാർ എന്നിവരുടെ യോഗം ഇന്നലെ രാവിലെ കൊട്ടാരക്കര റൂറൽ എസ്പി ഓഫീസിൽ കൂടി. സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം വിവരം ഹെഡ് ക്വാർട്ടേഴ്സിനും കൈമാറി. പ്രതികളെ അടൂരിലേക്കു കൊണ്ടു വരാൻ പിന്നീടാണു തീരുമാനിച്ചത്. മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാനും വിശദമായ ചോദ്യം ചെയ്യലിനുമാണ് പ്രതികളെ അടൂർ ക്യാംപിലെത്തിച്ചത്. പ്രതികൾ എത്തുന്നതിനു വളരെ മുൻപ് തന്നെ ഇവിടെ ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. മാധ്യമങ്ങൾക്കു കർശനമായ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രതികളെ പിടികൂടിയ കാര്യം സ്ഥിരീകരിക്കുകയും ഇവർ തന്നെയാണ് പ്രതികളെന്നുപ്രഥമ ദൃഷ്‌ട്യാ ഉറപ്പാക്കുകയും ചെയ്ത ശേഷമാണ് അവരെ അടൂരിലെ കെഎപി ക്യാംപിലെത്തിക്കാൻ തീരുമാനമായത്. ഇന്നലെ വൈകുന്നേരം 5.15ന് പ്രതികളെയും കൊണ്ടുള്ള വാഹനങ്ങൾ കെഎപി ക്യാംപിലെത്തി.
എഡിജിപി അജിത് കുമാർ, ഐജി സപ്രജൻ കുമാർ, ഡിഐജി നിശാന്തിനി തുടങ്ങിയവർ കെഎപി ക്യാംപിലെത്തിയിട്ടുണ്ട്.