ബിൽക്കീസ് ബാനു കേസിലെ പ്രതികൾക്ക് കീഴടങ്ങാൻ സാവകാശമില്ല; ഞായറാഴ്ച തന്നെ ജയിലിലെത്തണം
ന്യൂഡൽഹി : ബിൽക്കീസ് ബാനു കേസിലെ പ്രതികൾക്ക് കീഴടങ്ങാൻ ഇനി സാവകാശമില്ലെന്ന് സുപ്രീംകോടതി. കൂട്ടബലാൽസംഗക്കേസിൽ ഗുജറാത്ത് സർക്കാർ വിട്ടയച്ച പ്രതികൾ ഞായറാഴ്ച്‌ച തന്നെ തിരികെ ജയിലിലെത്തണമെന്ന് കോടതി വ്യക്തമാക്കി. വിധി പറഞ്ഞപ്പോൾത്തന്നെ ജയിലിലേക്ക് മടങ്ങാൻ രണ്ടാഴ്ച്‌ച സാവകാശം നൽകിയിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. പുതുതായി പറയുന്ന കാരണങ്ങളൊന്നും കൂടുതൽ സമയം നൽകാൻ പര്യാപ്തമല്ലെന്നും കോടതി പറഞ്ഞു. കീഴടങ്ങാൻ കൂടുതൽ സാവകാശം തേടി പ്രതികൾ സമർപ്പിച്ച ഹർജികൾ ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്‌റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരുൾപ്പെട്ട ബെഞ്ചാണ് തള്ളിയത്.
ബിൽക്കീസ് ബാനു കൂട്ടബലാൽസംഗക്കേസിലെ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാരിന്റെ നടപടി സുപ്രീംകോടതി ഈമാസം എട്ടിന് റദ്ദാക്കിയിരുന്നു. ആരോഗ്യം, കുടുംബകാര്യങ്ങൾ, മകൻ്റെ വിവാഹം, വിളവെടുപ്പുകാലം, മാതാപിതാക്കളുടെ അസുഖം തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് പ്രതികൾ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. പ്രതികളുടെ മോചനം റദ്ദാക്കി അതേ ബെഞ്ച് തന്നെയാണ് പുതിയ ഹർജികളും പരിഗണിച്ചത്