മാനഭംഗ കേസിലെ പ്രതി 25 വര്‍ഷത്തിനു ശേഷം പിടിയില്‍
മലപ്പുറം: മാനഭംഗ കേസിലെ പ്രതി 25 വര്‍ഷത്തിനു ശേഷം എടക്കര പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം
ആറ്റിങ്ങല്‍ സ്വദേശി രാജുവിനെയാണ് (59) പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ സമാനമായ രണ്ട് കേസുകളാണുള്ളത്. 1999 ആഗസ്റ്റ് മാസത്തിലും ഡിസംബറിലുമാണ് കേസിനാസ്പദമായ സംഭവം. ഇയാള്‍ താമസിച്ചിരുന്ന ചെമ്പന്‍കൊല്ലിയില്‍ മറ്റൊരു വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീയെ കൈയില്‍ കയറി പിടിച്ചു മാനഭംഗപെടുത്തിയതാണ് ആദ്യ കേസ്. സ്ത്രീയുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല. ഈ സംഭവത്തിന് മാസങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ കേസ്. പ്രതി താമസിച്ചിരുന്ന ചെമ്പന്‍കൊല്ലിയിലുള്ള മറ്റൊരു വീട്ടില്‍ അതിക്രമിച്ച് കയറി കുടുംബസമേതം താമസിച്ചിരുന്ന സ്ത്രീയെ മാനഹാനിപെടുത്തുകയും സ്ത്രീയെ കത്തി കൊണ്ട് വെട്ടി പരിക്കേല്‍പിച്ചെന്നുമാണ് പരാതി. സ്ത്രീയുടെ പരാതിയില്‍ കേസ് എടുത്ത് അന്വേഷണം നടത്തിയതിയെങ്കിലും ഇതിലും പൊലീസിന് പ്രതിയെ പിടികൂടാനായില്ല. വര്‍ഷങ്ങളായിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിയാത്തതിനെതുടര്‍ന്ന് കോടതി പ്രതിക്ക് എതിരെ വാറണ്ട് പുറപ്പെടുവിച്ചു. തുടര്‍ന്ന് നിലമ്പൂര്‍ ഡിവൈ.എസ്.പി ബി. ബാലചന്ദ്രന്റെ നിര്‍ദേശ പ്രകാരം എടക്കര ഇന്‍സ്‌പെക്ടര്‍ എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതിനിടയിലാണ് കാസര്‍കോട് രാജപുരത്ത് ഒളിവില്‍ കഴിയവെ പ്രതി രാജുവിനെ എടക്കര പൊലീസ് പിടികൂടിയത്. നിലമ്പൂര്‍ കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.