പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരൻ
കണ്ണൂർ : പ്രണയപ്പകയിൽ പാനൂർ സ്വദേശി വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷാ വിധി ഈ മാസം 13 ന് വിധിക്കും.
ശ്യാംജിത്തുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിന്റെ പകയിലാണ് വീട്ടിൽ ആരുമില്ലാത്ത സമയംനോക്കി പ്രതി വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത്. വിഷ്ണുപ്രിയ ആൺസുഹൃത്തുമായി വീഡിയോ കോൾ ചെയ്യുന്ന സമയത്തായിരുന്നു പ്രതി ആയുധങ്ങളുമായി എത്തിയത് ഈ ദൃശ്യങ്ങൾ വീഡിയോ കോളിൽ പതിഞ്ഞിരുന്നു. ഈ 13 സെക്കന്റ് ദൃശ്യമാണ് നിർണായക തെളിവായി മാറിയത്. കൂടാതെ ആയുധങ്ങൾ വാങ്ങിയ സിസിടിവി ദൃശ്യങ്ങളും പ്രധാന തെളിവുകളായി.
2022 ഒക്ടോബർ 22ന് പാനൂരിലെ വള്ള്യായിലാണ് ദാരുണമായ സംഭവം നടന്നത്. വിഷ്ണുപ്രിയ ശ്യാംജിത്തുമായുളള സൗഹൃദം അവസാനിപ്പിച്ചതിന്റെ പകയിലായിരുന്നു കൊലപാതകം. വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. 29 മുറിവുകളാണ് വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്. വിഷ്ണുപ്രിയയ്ക്ക് മറ്റൊരു സൗഹൃദം ഉണ്ടായതും ശ്യാംജിത്തിനെ പ്രകോപിപ്പിച്ചു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്.