പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിയ പ്രതി പട്ടിക്കൂട്ടിൽ
പള്ളുരുത്തി: വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ കൊണ്ടു പോകുന്നതിനിടെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്നീട് ഡോക്ടറുടെ വീട്ടിലെ പട്ടിക്കൂട്ടിൽ നിന്ന് പൊക്കി. കാപ്പ നിയമ പ്രകാരം പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത അരൂക്കുറ്റി വടുതല സ്വദേശി അക്വിനാസ് കോളജിന് സമീപം താമസിക്കുന്ന തട്ടേക്കാട് ചെട്ടിപ്പറമ്പ് മനീഷ് (29) ആണ് ഇന്നലെ വൈകിട്ട് കൈവിലങ്ങ് അണിയിച്ച് കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്ക് കൊണ്ടു പോകുന്നതിനിടെ രക്ഷപ്പെട്ടത്. കരുവേലിപ്പടി മൈത്രി നഗറിലെ 2 വീടുകളിൽ പ്രതി കയറിയെങ്കിലും വീട്ടുകാർ എതിർത്തതോടെ സമീപത്തെ ഡോക്ടറുടെ വീട്ടിലെ പട്ടി കൂട്ടിൽ ഒളിക്കുകയായിരുന്നു. മനീഷിനെ പിന്നീട് പൊലീസ് പിടികൂടി.
സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ കൊലപാതക ശ്രമം, ഭവനഭേദനം, ലഹരി വിൽപന ഉൾപ്പെടെ 12 കേസുകളിൽ പ്രതിയായ മനീഷിനെ കാപ്പ ചുമത്തി ജയിലിലടയ്ക്കാൻ ഉത്തരവായിരുന്നു. ബെംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അവിടെ നിന്ന് പള്ളുരുത്തി ഇൻസ്പെക്ടർ സൻജു ജോസഫ്, എസ്. ഐ എം.എം.മുനീർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രിജിത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ ഉമേഷ് ഉദയൻ, കെ.എസ്. ബിബിൻ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.