എറണാകുളം സൗത്തിൽ ആക്രി ഗോഡൗണില്‍ വന്‍ തീപിടിത്തം ; വീടും കടകളും ഉൾപ്പെടെ കത്തിനശിച്ചു
കൊച്ചി: സൗത്ത് റെയില്‍വേ മേല്‍പ്പാലത്തിനു സമീപം ആക്രി ഗോഡൗണില്‍ വന്‍ തീപിടിത്തം. സമീപത്തെ വീടും കടകളും പാര്‍ക്കിങ് ഏരിയയിലെ വാഹനങ്ങളം കത്തിനശിച്ചു. ഗോഡൗണിലുണ്ടായിരുന്ന ഒന്‍പതുപേരെ അഗ്‌നിശമന രക്ഷപ്പെടുത്തി. വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പുലര്‍ച്ചെ ഒരുമണിയോടെയാണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് മുന്നരമണിക്കൂറിലേറെ സമയമെടുത്താണ് തീയണച്ചത്. മുക്കാൽ മണിക്കൂറോളം ടൗൺ സൗത്ത് റെയിൽവേ സ്റ്റേഷൻ വഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തിവച്ചു. സൗത്ത് മേൽപ്പാലത്തിനടിയിലുള്ള ആക്രി ഗോഡൗണാണ് പുലർച്ചെയോടെ കത്തിയത്. മണിക്കൂറുകൾ പരിശ്രമിച്ചാണ് അഗ്നിരക്ഷാ സേന തീ കെടുത്തിയത്. സമീപത്തെ വീട്ടുകാരെ പൊലീസ് ഒഴിപ്പിച്ചു. സിനിമാ നിർമാതാവ് രാജു ഗോപിയുടെ ഉടമസ്ഥതയിലുള്ള ആക്രി ഗോഡൗണിനാണ് തീ പിടിച്ചത്. ഗോഡൗണിനകത്ത് തൊഴിലാളികളുണ്ടായിരുന്നത് ആശങ്കയുണ്ടാക്കിയെങ്കിലും പൊലീസും അഗ്നിരക്ഷാ സേനയും സമയോചിത ഇടപെടലിലൂടെ എല്ലാവരെയും രക്ഷപ്പെടുത്തി. ഗോഡൗണിന് പിൻവശത്ത് നിന്നാണ് തീ പടർന്നതെന്ന് കൊച്ചി എസിപി രാജ്കുമാർ പറഞ്ഞു. എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.