3 സിവിലിയന്മാരുടെ മരണം: ബ്രിഗേഡിയർക്കെതിരേ നടപടി
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ മൂന്ന് സാധാരണക്കാർ മരിച്ച സംഭവത്തിൽ ബ്രിഗേഡിയർ തലത്തിലുള്ള ഉദ്യോഗസ്ഥനെതിരെ സൈന്യം നടപടിയെടുത്തു. കേസിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായി13 സെക്ടർ രാഷ്ട്രീയ റൈഫിൾസിന്റെ ബ്രിഗേഡിയർ കമാൻഡറെ നിയോഗിച്ചതായി ഇന്ത്യൻ ആർമി വൃത്തങ്ങൾ അറിയിച്ചു. കൂടാതെ, പ്രദേശത്ത് തീവ്രവാദി ആക്രമണത്തിൽ സൈനികർ വീരമൃത്യു വരിച്ച സംഭവങ്ങളും അന്വേഷിക്കും.
രജൗരി-പൂഞ്ച് സെക്ടറിൽ റോഡിന്റെ വളവിൽ പതിയിരുന്ന് സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരർ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിൽ നാല് സൈനികർ വീരമൃത്യു വരിച്ചു. ഇതിന് പിന്നാലെയാണ് ആക്രമണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യുന്നതിനായി പ്രദേശത്തെ മൂന്ന് പൗരന്മാരെയും കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഈ മൂന്ന് സാധാരണക്കാരെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണത്തിന് സൈന്യം പിന്നീട് ഉത്തരവിട്ടിരുന്നു. അന്വേഷണം ആരംഭിച്ചതോടെയാണ് ബ്രിഗേഡിയർ കമാൻഡർക്കെതിരെ ആദ്യ നടപടി സ്വീകരിച്ചത്.