വയനാടിനെ ചേര്‍ത്തുപിടിച്ച് നടന്‍ ആസിഫ് അലിയും പേളി മാണിയും
കൊച്ചി; ഉരുള്‍പൊട്ടലുണ്ടായ വയനാടിനെ ചേര്‍ത്തുപിടിച്ച് നടന്‍ ആസിഫ് അലിയും അവതാരകയും നടിയുമായ പേളി മാണിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരും തുക കൈമാറി. ഇതിന്റെ സ്‌ക്രീന്‍ഷോട്ടാണ് താരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. എത്ര പൈസയാണ് നല്‍കിയതെന്ന് ആസിഫ് അലി വ്യക്തമാക്കിയിട്ടില്ല. ആ ഭാഗം മറച്ചുവച്ചിട്ടാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസ് ആസിഫലിയുടെ പോസ്റ്റിന് ലൗ ഇമോജി കമന്റ ചെയ്തിട്ടുണ്ട്.
അഞ്ച് ലക്ഷം രൂപയാണ് പേളി മാണി സംഭവന നല്‍കിയിരിക്കുന്നത്. 'കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ അങ്ങേയറ്റം പ്രയാസകരമായിരുന്നു. സന്നദ്ധപ്രവര്‍ത്തകര്‍, രക്ഷാപ്രവര്‍ത്തകര്‍, സര്‍ക്കാര്‍, നമ്മുടെ ആളുകള്‍ എന്നിവരുടെ ശ്രമങ്ങള്‍ ഞങ്ങള്‍ കാണുന്നുണ്ട്. ഒരു ചെറിയ മാറ്റത്തിന് വേണ്ടിയുള്ള ഞങ്ങളുടെ എളിയ പരിശ്രമമാണിത്.നൂറുകണക്കിനാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ ഒറ്റപ്പെട്ടിരിക്കുകയും ചെയ്യുന്ന വയനാടിന് നമ്മുടെ പിന്തുണ ആവശ്യമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഞങ്ങള്‍ സംഭാവന ചെയ്യുന്നു.
എത്ര ചെറുതാണെങ്കിലും ഒരോ പൈസയും വിലപ്പെട്ടതാണ്. വയനാടിന് വേണ്ടി നമുക്ക് ഒരുമിച്ച് നില്‍ക്കാം, ജീവിതം പുനര്‍നിര്‍മിക്കാന്‍ സഹായിക്കാം.'- എന്നാണ് പേളി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.ഇന്നലെ മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് 35 ലക്ഷം നല്‍കിയിരുന്നു. നടന്‍ സൂര്യയും കുടുംബവും അരക്കോടിയാണ് സംഭവനയായി നല്‍കിയത്. നടി രശ്മിക മന്ദാന പത്ത് ലക്ഷവും നല്‍കി.