അപകടമുണ്ടായപ്പോള്‍ അച്ഛനൊപ്പമുണ്ടായിരുന്നത് താനല്ലെന്ന് നടന്‍ ബൈജു സന്തോഷിന്റെ മകള്‍
കൊച്ചി: കാര്‍ അപകടമുണ്ടായപ്പോള്‍ അച്ഛനൊപ്പമുണ്ടായിരുന്നത് താനല്ലെന്ന് നടന്‍ ബൈജു സന്തോഷിന്റെ മകള്‍ ഐശ്വര്യ. സംഭവസമയത്ത് അച്ഛന്റെ കസിന്റെ മകളാണ് കൂടെയുണ്ടായിരുന്നെന്നും ഭാഗ്യവശാല്‍ എല്ലാവരും സുരക്ഷിതരാണെന്നും ഐശ്വര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
'എന്റെ അച്ഛന്റെ വാഹനാപകടവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നെന്നു എല്ലാവരും പറയുന്ന വ്യക്തി ഞാനല്ല. അത് എന്റെ അച്ഛന്റെ കസിന്റെ മകളാണ്. ഭാഗ്യവശാല്‍ എല്ലാവരും സുരക്ഷിതരാണ്. തെറ്റിദ്ധാരണ ഒഴിവാക്കാന്‍ വേണ്ടിയാണ് ഇത് പോസ്റ്റ് ചെയ്യുന്നത്.'
ഞായറാഴ്ച തിരുവനന്തപുരം വെള്ളയമ്പലത്തുവച്ചാണ് ബൈജു ഓടിച്ച കാര്‍, സ്‌കൂട്ടറിലും വൈദ്യുത പോസ്റ്റിലും ഇടിക്കുന്നത്. നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചതിന് ശേഷം വീണ്ടും വേഗത്തില്‍ മുന്നോട്ടു പോയി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബൈജുവിന്റെ കാറിന്റെ ടയറിന് കേടുപാട് പറ്റി. കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരാണ് ബൈജുവിനെ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ചത്.
അതേസമയം, താരം മദ്യപിച്ചാണ് വണ്ടി ഓടിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മദ്യപിച്ചോ എന്ന് പരിശോധിക്കാനായി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധനയോട് ബൈജു സഹകരിച്ചില്ലെന്ന് പൊലീസ് പറയുന്നു. മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയോട് സഹകരിച്ചില്ലെന്നും ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. സ്‌കൂട്ടര്‍ യാത്രികന്‍ പരാതി നല്‍കിയിട്ടില്ല. മദ്യപിച്ച് വാഹനമോടിക്കല്‍, അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.