Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യം

02:29 PM Sep 30, 2024 IST | Online Desk
Advertisement

ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദീഖിന് സുപ്രീംകോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര എന്നിവരുടെ ബെഞ്ചാണ് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം നല്‍കിയത്. ഹൈകോടതി ജാമ്യഹരജി തള്ളിയതിന് പിന്നാലെയാണ് സിദ്ദീഖ് സുപ്രീംകോടതിയിലെത്തിയത്. സിദ്ദീഖിന് ജാമ്യം നല്‍കുന്നതിനെതിരെ അതിജീവിതയുടെയും സംസ്ഥാന സര്‍ക്കാറിന്റെയും തടസ്സഹരജിയും കോടതിയുടെ മുന്നിലെത്തിയിരുന്നു.

Advertisement

രണ്ടാഴ്ച കഴിഞ്ഞ് കോടതി വീണ്ടും കേസ് പരിഗണിക്കും. ഇക്കാലയളവില്‍ സിദ്ദീഖിനെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു. മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോണി ജനറലുമായ മുകുള്‍ റോഹ്തകി സിദ്ദീഖിന് വേണ്ടിയും വൃന്ദ ഗ്രോവര്‍ അതിജീവിതക്കുവേണ്ടിയും ഹാജരായി. അന്വേഷണവുമായി സഹകരിക്കണമെന്ന് സിദ്ദീഖിന്റെ അഭിഭാഷകരോടു കോടതി നിര്‍ദേശിച്ചു.

മലയാള സിനിമ സംഘടനകളായ 'അമ്മ'യും ഡബ്ല്യു.സി.സിയും തമ്മില്‍ നടക്കുന്ന തര്‍ക്കത്തിന്റെ ഇരയാണ് താനെന്ന് സിദ്ദീഖ് സുപ്രീംകോടതിയിലെ ഹരജിയില്‍ പറഞ്ഞിരുന്നു. ശരിയായി അന്വേഷണം നടത്താതെയാണ് ബലാത്സംഗ കേസില്‍ പ്രതിയാക്കിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പരസ്പരവിരുദ്ധമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചതെന്നും സിദ്ദീഖ് പറഞ്ഞിരുന്നു.

2016ലാണ് കേസിനാസ്പദമായ സംഭവം. സിനിമയുടെ പ്രിവ്യൂ ഷോയുമായി ബന്ധപ്പെട്ട് യുവനടിയെ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. കേസില്‍ മുന്‍കൂര്‍ ജാമ്യം തള്ളിയ ഹൈകോടതി ഉത്തരവിന് പിന്നാലെ സിദ്ദിഖ് ഒളിവില്‍ പോയിരുന്നു. പിന്നാലെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. എല്ലാ സ്റ്റേഷനുകളിലും നോട്ടീസ് പതിച്ചിട്ടുണ്ട്.

ഒന്നരമാസം നീണ്ട അന്വേഷണത്തിനിടെ പരാതിക്കാരിയുടെ മൊഴി ശരിവെക്കുന്ന തെളിവുകള്‍ പ്രത്യേകസംഘത്തിന് ലഭിച്ചിരുന്നു. മാസ്‌കറ്റ് ഹോട്ടലിലെ 101 ഡി മുറിയിലാണ് പീഡനമെന്നായിരുന്നു മൊഴി. ഗ്ലാസ് ജനലിലെ കര്‍ട്ടന്‍ മാറ്റി പുറത്തേക്ക് നോക്കിയാല്‍ സ്വിമ്മിങ് പൂള്‍ കാണാമെന്ന് യുവതി പറഞ്ഞിരുന്നു. യുവതിക്കൊപ്പം നടത്തിയ തെളിവെടുപ്പില്‍ അന്വേഷണ സംഘത്തിന് ഇക്കാര്യം സ്ഥിരീകരിക്കാനായി.

അച്ഛനും അമ്മയും ഒരു കൂട്ടുകാരിയും ചേര്‍ന്നാണ് തന്നെ ഹോട്ടലില്‍ എത്തിച്ചതെന്ന മൊഴി മൂവരും ശരിവെച്ചു. ജനുവരി 27ന് രാത്രി 12ന് മുറിയെടുത്ത സിദ്ദീഖ് പിറ്റേന്ന് വൈകീട്ട് അഞ്ചുവരെ ഹോട്ടലില്‍ ഉണ്ടായിരുന്നെന്ന് തെളിഞ്ഞിരുന്നു. ചോറും മീന്‍ കറിയും തൈരുമാണ് സിദ്ദീഖ് കഴിച്ചതെന്ന യുവതിയുടെ മൊഴി ശരിവെക്കുന്ന ഹോട്ടല്‍ ബില്ലും അന്വേഷണ സംഘം കണ്ടെത്തി. പീഡനം നടന്ന് ഒരുവര്‍ഷത്തിനുശേഷം കാട്ടാക്കടയിലെ സുഹൃത്തിനോട് യുവതി ഇക്കാര്യം പറഞ്ഞിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സുഹൃത്ത് ഇക്കാര്യം ശരിവെക്കുകയും ചെയ്തിരുന്നു.

Tags :
featurednews
Advertisement
Next Article