നടന്‍ സുശാന്ത് സിങിന്റെ മരണം: അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണം സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട വസ്തുതകള്‍ ഹാജരാക്കണമെന്ന് സി.ബി.ഐയോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്.2000 ആഗസ്റ്റ് 5നാണ് സി.ബി.ഐ കേസ് ഏറ്റെടുത്തത്. നാല് വര്‍ഷത്തിന് ശേഷവും സി.ബി.ഐ എന്താണ് മൗനം പാലിക്കുന്നതെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സചിന്‍ സാവന്ത് ചോദിച്ചു.
'മൂന്ന് അന്വേഷണ സംവിധാനങ്ങള്‍ ഉപയോഗിച്ച് അന്വേഷണം നടത്തി. അന്വേഷണത്തിനിടെ പലരും പീഡിപ്പിക്കപ്പെട്ടു. എന്നിട്ടും അന്തിമ ഫലം സി.ബി.ഐ വെളിപ്പെടുത്തിയിട്ടില്ല' -സാവന്ത് പറഞ്ഞു.മുംബൈ പൊലീസിന്റെയും എയിംസിന്റെയും റിപ്പോര്‍ട്ടുകള്‍ വകവെക്കാതെ ബി.ജെ.പി ഈ വിഷയം രാഷ്ട്രീയവല്‍ക്കരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുംബൈ പൊലീസിന്റെ അന്വേഷണത്തില്‍ സുപ്രീം കോടതി പോലും തൃപ്തരാണെന്നും എന്നാല്‍ ബിഹാര്‍ മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഗുപ്‌തേശ്വര് പാണ്ഡെയുടെ സഹായത്തോടെ എം.വി.എ സര്‍ക്കാറിനെ കളങ്കപ്പെടുത്താനും സിറ്റി പൊലീസിന്റെ പ്രതിച്ഛായ തകര്‍ക്കാനുമുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുശാന്ത് ആത്മഹത്യ ചെയ്തതാണെന്നാണ് മുംബൈ പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ മകന്‍ കൊല്ലപ്പെട്ടതാണെന്നും അവന്റെ 15 കോടി രൂപ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തി തട്ടിയെന്നുമുള്ള പരാതിയുമായി സുശാന്തിന്റെ പിതാവ് ബിഹാര്‍ പൊലീസിനെ സമീപിച്ചതോടെയാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്.
ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഫോറന്‍സിക് വിദഗ്ധര്‍ സുശാന്തിന്റെ ഫ്‌ലാറ്റില്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടില്ല. സുശാന്തിന്റെത് ആത്മഹത്യയാണെന്ന റിപ്പോര്‍ട്ടാണ് ഫോറന്‍സിക് വിദഗ്ധര്‍ സി.ബി.ഐക്ക് നല്‍കിയത്.