മെട്രോയില്‍ ജയ് ശ്രീറാം വിളിച്ചവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടിയും സംവിധായകയുമായ പൂജ ഭട്ട്
മുംബൈ: മെട്രോ യാത്രക്കിടെ ഗര്‍ബ ഗാനം ആലപിക്കുകയും ജയ് ശ്രീറാം മുഴക്കുകയും ചെയ്തവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടിയും സംവിധായകയുമായ പൂജ ഭട്ട്. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി മുംബൈ മെട്രോയില്‍ ഒരു വിഭാഗം യാത്രക്കാര്‍ ഗുജറാത്തി ഗര്‍ബ ഗാനം ആലപിക്കുകയും ജയ് ശ്രീറാം മുഴക്കുകയും ചെയ്യുന്ന വിഡിയോ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
പൊതുയിടങ്ങളില്‍ ഇത്തരത്തില്‍ പെരുമാറുന്നതിലെ ഔചിത്യം പൂജ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റിലൂടെ ചോദ്യം ചെയ്തു. 'പൊതുയിടങ്ങളില്‍ ഇതെല്ലാം അനുവദനീയമാണോ അത് ഹിന്ദുത്വ പോപ് സംഗീതമോ, ക്രിസ്മസ് ഗാനങ്ങളോ, ബോളിവുഡ് ഹിറ്റുകളോ അല്ലെങ്കില്‍ മറ്റെന്തെങ്കിലോ ആകട്ടെ. പൊതു ഇടങ്ങള്‍ ഈ രീതിയില്‍ ദുരുപയോഗം ചെയ്യാന്‍ പാടില്ല' -പൂജ എക്‌സില്‍ കുറിച്ചു.
ജനം അടിസ്ഥാന പൗര നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഒരു സ്ഥലത്തും ക്രമസമാധാനം ഉറപ്പാക്കാനാകില്ലെന്നും നടി മറ്റൊരു പോസ്റ്റില്‍ വ്യക്തമാക്കി. നമുക്ക് അടിസ്ഥാന നിയമങ്ങള്‍ പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ക്രമസമാധാനം നിലനില്‍ക്കുമെന്ന പ്രതീക്ഷയില്ല. നഗരത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ അനധികൃത ബാനറുകള്‍ വികൃതമാക്കുന്നു, മെട്രോ പാര്‍ട്ടി സോണാക്കി മാറ്റുന്നു. തെരുവില്‍ പടക്കങ്ങള്‍ കത്തിക്കുന്നു -ഇതെല്ലാം അക്രമികള്‍ മറയാക്കി മാറ്റുകയാണെന്നും അവര്‍ വ്യക്തമാക്കി.
മുതിര്‍ന്ന എന്‍.സി.പി നേതാവ് ബാബ സിദ്ദീഖിയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പൂജയുടെ പ്രതികരണം. മുംബൈയിലെ ബാന്ദ്രയില്‍ ദസറ ഘോഷയാത്രയും പടക്കങ്ങള്‍ പൊട്ടിക്കുന്നതും മറയാക്കിയാണ് അക്രമികള്‍ സിദ്ദീഖിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ലോറന്‍സ് ബിഷ്‌ണോയി സംഘം ഏറ്റെടുത്തിരുന്നു. വിവിധ സാമൂഹിക വിഷയങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ പൂജ പതിവായി പ്രതികരിക്കാറുണ്ട്.