നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല
കൊച്ചി : സിനിമാ നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന് കോടതിയില്‍ താല്‍ക്കാലിക ആശ്വാസം. ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തീര്‍പ്പാക്കി. പ്രത്യേക കോടതിയുടെ ഉത്തരവിലെ പരാമര്‍ശങ്ങള്‍ വിചാരണയെ ബാധിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയാണ് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.
ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നുമാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആരോപിച്ചത്. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളിയിരുന്നു. തുടര്‍ന്നായിരുന്നു ഹൈക്കോടതിയെ സര്‍ക്കാര്‍ സമീപിച്ചത്.
അതേ സമയം, നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയുടെ കൈവശമിരിക്കെ ചോര്‍ന്ന കേസില്‍ ജില്ലാ സെഷന്‍സ് ജഡ്ജി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതയ്ക്ക് കൈമാറാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറുന്നതില്‍ ദിലീപിന്റെ എതിര്‍പ്പ് തള്ളിയായിരുന്നു അന്ന് നടിക്ക് അനുകൂലമായി കോടതി നടപടി.
കോടതി കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച പകര്‍ത്തിയ ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ഹണി എം വര്‍ഗീസ് നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് അതിജീവിതയ്ക്ക് കൈമാറാന്‍ ഉത്തരവിട്ടത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള അപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി തള്ളിയതിന് പിറകെയാണ് ഈ കേസില്‍ അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചത് ആരെന്ന് അറിയാനുള്ള തന്റെ അവകാശം ലംഘിക്കുകയാണെന്നായിരുന്നു ഉപഹര്‍ജിയിലെ വാദം. എന്നാല്‍ റിപ്പോര്‍ട്ട് രഹസ്യ രേഖയാക്കണമെന്നും പകര്‍പ്പ് നടിയ്ക്ക് കൈമാറരുതെന്നും ദിലീപ് കോടതിയെ അറിയിച്ചു. ഈ ആവശ്യം ജസ്റ്റിസ് കെ ബാബു തള്ളി. 2018 ജനുവരി ഒന്‍പത് രാത്രി 9.58, 2018 ഡിസംബര്‍ 13 ന് രാത്രി 10.58 എന്നീ സമയങ്ങളിലാണ് മെമ്മറി കാര്‍ഡില്‍ പരിശോധന നടന്നത്. ഇത് അനധികൃതമെന്നാണ് അതിജീവിതയുടെ ഹര്‍ജിയിലുണ്ടായിരുന്നത്.