തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ നടി കസ്തൂരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
ചെന്നൈ: തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ നടി കസ്തൂരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. നടി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന്റെ സിങ്കിള്‍ ബെഞ്ചാണ് തള്ളിയത്. അറസ്റ്റ് ചെയ്യാനുള്ള നീക്കത്തില്‍ നിന്നും പൊലീസിനെ തടയണമെന്നാണ് ഹരജിയില്‍ നടി കസ്തൂരി ആവശ്യപ്പെട്ടിരുന്നത്. ക്ഷമാപണം നടത്തിയിട്ടും, തനിക്കെതിരെ കേസെടുത്തതായി കസ്തൂരി ഹരജിയില്‍ പറഞ്ഞു. പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും വാദിച്ചു.
നവംബര്‍ മൂന്നിന് ചെന്നൈയില്‍ നടന്ന ഒരു ബ്രാഹ്മണ സംഗമത്തില്‍ സംസാരിക്കവെയാണ് നടി വിവാദ പരാമര്‍ശം നടത്തിത്. തമിഴ് രാജാക്കന്മാരുടെ വേശ്യകളെ സേവിക്കാന്‍ വന്ന തെലുങ്ക് ജനത ഇപ്പോള്‍ തമിഴ് വംശത്തില്‍ പെട്ടവരാണെന്ന് അവകാശപ്പെടുന്നു എന്നതായിരുന്നു നടിയുടെ വാദം. വ്യാപകമായ എതിര്‍പ്പിനെത്തുടര്‍ന്ന്, കസ്തൂരി തന്റെ അഭിപ്രായങ്ങള്‍ ചില വ്യക്തികളെ ഉദ്ദേശിച്ചുള്ളതാണെന്നും തെലുങ്ക് സമൂഹത്തിന് എതിരല്ലെന്നും വ്യക്തമാക്കി മാപ്പ് പറഞ്ഞു.
വിവിധ സംഘടനകള്‍ നല്‍കിയ പരാതിയില്‍ ചെന്നൈ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ, പരാമര്‍ശങ്ങള്‍ തികച്ചും അനാവശ്യമാണെന്നും ഒഴിവാക്കണമായിരുന്നുവെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. രാഷ്ട്രീയ നിരൂപകയാണെന്ന് അവകാശപ്പെടുന്ന കസ്തൂരി ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലായിരുന്നുവെന്നും കോടതി പറഞ്ഞു. കസ്തൂരിയുടെ മാപ്പപേക്ഷയില്‍ സ്ത്രീകള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെ അഭിസംബോധന ചെയ്യുന്നില്ലെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു.
തെലുങ്ക് സമുദായത്തിലെ സ്ത്രീകള്‍ക്കെതിരെ എങ്ങനെയാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ കഴിയുന്നതെന്ന് കോടതി ചോദിച്ചപ്പോള്‍, പരാമര്‍ശം തെലുങ്ക് സമുദായത്തിലെ സ്ത്രീകള്‍ക്കെതിരായല്ലെന്നും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള പൊതുവായ പ്രസ്താവനയാണെന്നുമാണ് കസ്തൂരി വ്യക്തമാക്കിയത്.