കേസെടുത്തതിന് പിന്നാലെ ബോണ്ട് വില്‍പനയില്‍ നിന്നും പിന്മാറി അദാനി
വാഷിങ്ടണ്‍: യു.എസില്‍ കേസെടുത്തതിന് പിന്നാലെ ബോണ്ട് വില്‍പനയില്‍ നിന്നും പിന്മാറി അദാനി. യു.എസ് ഡോളര്‍ അടിസ്ഥാനമാക്കിയുള്ള ബോണ്ട് വില്‍പനയില്‍ നിന്നാണ് ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് പിന്മാറിയത്. നേരത്തെ അഴിമതി തട്ടിപ്പ് കുറ്റങ്ങള്‍ ചുമത്തി യു.എസില്‍ അദാനിക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബോണ്ട് വില്‍പനയില്‍ നിന്ന് അദാനി ഗ്രൂപ്പ് പിന്മാറിയത്.
അദാനിയെ കൂടാതെ മറ്റ് ഏഴ് പേരും കേസില്‍ പ്രതികളാണ്. അദാനിയുടെ അടുത്ത ബന്ധു സാഗര്‍ അദാനിയാണ് കേസിലെ മറ്റൊരു പ്രതി. വിവിധ കരാറുകള്‍ സ്വന്തമാക്കാനായി 265 മില്യണ്‍ ഡോളര്‍ അദാനി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയായി നല്‍കിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇതിലൂടെ രണ്ട് ബില്യണ്‍ ഡോളര്‍ ലാഭമുണ്ടാക്കുകയായിരുന്നു അദാനിയുടെ ലക്ഷ്യം.
ഗൗതം അദാനിയും അദാനി ഗ്രീന്‍ എനര്‍ജിയുടെ മുന്‍ സി.ഇ.ഒ വനീത് ജയിനും ഈ അഴിമതി മറച്ചുവെച്ച് മൂന്ന് ബില്യണ്‍ ഡോളര്‍ വായ്പകളിലൂടെയും ബോണ്ടുകളിലൂടെയും സ്വരൂപിച്ചുവെന്നാണ് കേസ്. അഴിമതിക്ക് തെളിവായി ചില കോഡ് നാമങ്ങള്‍ ഫോണിലൂടെ കൈമാറിയതിന്റെ തെളിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, അദാനി ഗ്രൂപ്പ് ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെയാണ് അദാനിക്കെതിരെ കേസെടുത്ത വിവരം പുറത്ത് വന്നത്. വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിയും ഇക്കാര്യത്തില്‍ പ്രതികരിച്ചട്ടില്ല.ഗൗതം അദാനി, സാഗര്‍ അദാനി, ജെയിന്‍ എന്നിവര്‍ക്കെതിരെ സെക്യൂരിറ്റി തട്ടിപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. യു.എസ് സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് കമീഷന്‍ സിവില്‍ കേസും അദാനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.മറ്റുള്ള പ്രതികള്‍ക്കെതിരെ വിദേശത്തുള്ള അഴിമതി തടയുന്നതിനുള്ള നിയമം, അഴിമതി നിയമം എന്നിവയാണ് ചുമത്തിയിരിക്കുന്നത്. നിലവില്‍ പ്രതികളിലാരും കസ്റ്റഡിയിലില്ലെന്നാണ് യു.എസ് അറ്റോണി ബ്രിയോണ്‍ പീസ് പറഞ്ഞു.