എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരെ അന്വേഷണം
കോട്ടയം: പി.വി. അന്‍വര്‍ എം.എല്‍.എ ഉയര്‍ത്തിയ ആരോപണങ്ങളില്‍ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരെ അന്വേഷണം. അന്‍വറിന്റെ ആരോപണങ്ങളില്‍ അന്വേഷണം അനിവാര്യമാണെന്ന് സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം. അന്വേഷണം നടന്നാല്‍ മാത്രമേ സേനയുടെ വിശ്വാസ്യത സംരക്ഷിക്കാന്‍ കഴിയൂവെന്നുമാണ് ഡി.ജി.പി അറിയിച്ചത്. പൊലീസിലെ അച്ചടക്കലംഘന ആരോപണങ്ങളില്‍ അന്വേഷണമുണ്ടാകുമെന്ന് പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.
പൊലീസ് എ.ഡി.ജി.പി അജിത് കുമാറിനെതിരെ കൊലപാതകമടക്കമുള്ള അതീവ ഗുരുതര കുറ്റങ്ങളാണ് അന്‍വര്‍ ആരോപിച്ചത്. എ.ഡി.ജി.പിയെ നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി പരാജയമാണെന്നും ആരോപിച്ചിരുന്നു. പാര്‍ട്ടിയെയും സര്‍ക്കാരിനെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ഗ്രൂപ്പായി എ.ഡി.ജി.പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പൊലീസില്‍ പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്ത് പ്രമുഖരുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ സൈബര്‍ സെല്ലില്‍ എ.ഡി.ജി.പി പ്രത്യേക സംവിധാനം ഒരുക്കി. എല്ലാ മന്ത്രിമാരുടേയും രാഷ്ട്രീയക്കാരുടേയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍കോള്‍ ചോര്‍ത്തുന്നു. ഇതിനായി അസിസ്റ്റന്റിനെ വെച്ചിട്ടുണ്ട്. കരിപ്പൂരിലെ സ്വര്‍ണക്കടത്തുമായി അജിത് കുമാറിന് ബന്ധമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ട്. പത്തനംതിട്ട എസ്.പി സുജിത് ദാസ് മലപ്പുറം എസ്.പിയായിരിക്കെ അജിത്ത് കുമാറിന്റെ നിര്‍ദേശ പ്രകാരം സ്വര്‍ണ്ണം പിടികൂടി പങ്കിട്ടെടുത്തുവെന്നും അന്‍വര്‍ ആരോപിച്ചിരുന്നു.
അതിനിടെ, പത്തനംതിട്ട എസ്.പി സുജിത് ദാസിനെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്യുന്ന വകുപ്പുതല റിപ്പോര്‍ട്ട് പുറത്തുവന്നു. എം.എല്‍.എയെ സ്വാധീനിക്കാന്‍ ശ്രമിച്ചത് ഗുരുതര അച്ചടക്കലംഘനമാണെന്നും ഓഡിയോ പുറത്തുവന്നത് പൊലീസ് സേനക്ക് നാണക്കേടുണ്ടാക്കിയെന്നുമാണ് റിപ്പോര്‍ട്ട്. റേഞ്ച് ഡി.ഐ.ജി എസ്. അജീത ബീഗം സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡി.ജി.പി ഇന്ന് സര്‍ക്കാറിന് കൈമാറും.