‘പൂരം കലക്കാൻ പ്ലാനിട്ടത് എഡിജിപി; ഒന്നാം പ്രതി മുഖ്യമന്ത്രി': പ്രതിപക്ഷ നേതാവ്
തൃശൂർ പൂരം കലക്കലിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എഡിജിപി എംആർ അജിത് കുമാറാണ് പൂരം കലക്കാൻ പ്ലാനിട്ടതെന്ന് വിഡി സതീശൻ ആരോപിച്ചു. ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതെന്നും വി ഡി സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി തന്നെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അജിത് കുമാറാണ് അന്വേഷിക്കുന്നത്. വീണിടത്ത് കിടന്ന് ഉരുളുന്ന പരിപാടിയാണ് സർക്കാർ ചെയ്തതെന്നും സതീശൻ കുറ്റപ്പെടുത്തി. മന്ത്രിമാർക്ക് പോലും വരാൻ പറ്റാത്ത സ്ഥലത്തേക്കാണ് സുരേഷ് ഗോപി എത്തിയതെന്നും ആംബുലൻസിൽ സുരേഷ് ഗോപി അവിടേക്ക് എത്തിയത് എന്തിനാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സഹായിക്കാം എന്ന് ഉറപ്പ് നൽകിയാണ് എഡിജിപി ആദ്യം ആർഎസ്എസ് നേതാക്കളെ കണ്ടതെന്നും അത് പ്രവർത്തിക്കുകയാണ് പൂരകലക്കലിൽ എഡിജിപി ചെയ്തതെന്ന് വിഡി സതീശൻ ആരോപിച്ചു.