എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച; ‘ഷംസീറിനെ പോലൊരാള്‍ അങ്ങനെ പറയരുതായിരുന്നു’: ബിനോയ് വിശ്വം
കോഴിക്കോട്: എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റൊന്നുമില്ലെന്ന സ്പീക്കർ എ എൻ ഷംസീറിന്റെ നിലപാടിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഷംസീർ പ്രസ്താവന ഒഴിവാക്കണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച വിവാദമായതോടെ വിമർശനവുമായി ആദ്യം രംഗത്തെത്തിയത് സിപിഐയാണ്. കൂടിക്കാഴ്ച എന്തിനെന്ന് അജിത്ത് കുമാർ വിശദീകരിക്കണമെന്നും കൂടിക്കാഴ്ച എന്തിനെന്ന് കേരളത്തിന് അറിയണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടിരുന്നു. ആർഎസ്എസ് വലിയ സംഘടനയാണെന്ന പ്രസ്താവന ഒരുപാട് ദുർവ്യാഖ്യാനിക്കപ്പെടുന്നു. ഗാന്ധിജിയെ വധിച്ചതിന്റെ പേരിൽ നിരോധിക്കപ്പെട്ട സംഘടനയാണ് ആർഎസ്എസ്. എഡിജിപി ഊഴം വെച്ച് ആർഎസ്എസ് മേധാവികളെ കാണുന്നത് എന്തിനാണെന്ന് അറിയാനുള്ള അവകാശം ഉണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് സംബന്ധിച്ച വിവാദത്തില്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്. പൂരം നിര്‍ത്തിവെക്കാനും അലങ്കോലപ്പെടുത്താനും നടന്ന ഗൂഢാലോചന പുറത്തു വരണമെന്ന് സിപിഐ ആവശ്യപ്പെട്ടു. എഡിജിപി എം ആര്‍ അജിത് കുമാറും ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലെ വസ്തുതകള്‍ വെളിച്ചത്തുവരണം. ഇന്ന് ചേര്‍ന്ന തൃശൂര്‍ ജില്ലാ എക്സിക്യൂട്ടിവ് യോഗത്തിലാണ് സിപിഐ ആവശ്യം മുന്നോട്ടുവച്ചത്.