പൂരം കലക്കിയിട്ടില്ല, ഗൂഢാലോചനയ്ക്ക് തെളിവില്ല എഡിജിപിയുടെ റിപ്പോർട്ട്
തിരുവനന്തപുരം: തൃശൂർ പൂരം കലക്കിയിട്ടില്ലെന്നും ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും എഡിജിപിയുടെ റിപ്പോർട്ട്. പ്രധാന ആരോപണമായി ബാഹ്യഇടപെടലിനെയും റിപ്പോർട്ട് പൂർണമായും തള്ളുകയാണ്. ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ല. കോടതി നിർദേശം കൂടി പരിഗണിച്ചാണ് പൊലീസ് നടപടികൾ സ്വീകരിച്ചത്. അവിടുത്തെ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ കമ്മിഷണർക്ക് വീഴ്ച പറ്റി. ഉന്നത ഉദ്യോഗസ്ഥരെ കൃത്യമായി വിവരങ്ങൾ അറിയിച്ചില്ല. വിവിധ ഇടങ്ങളിൽ നിയോഗിച്ചത് അനുഭവ പരിചയം കുറഞ്ഞ ഉദ്യോഗസ്ഥരെയെയാണ്. എന്നിങ്ങനെയുള്ള വിവരങ്ങളാണ് റിപ്പോർട്ടിൽ പറയുന്നത്.
അഞ്ചുമാസത്തോളമാണ് പ്രസ്‌തുത റിപ്പോർട്ട് പൂഴ്ത്തിവച്ചത്. എന്നാൽ മാധ്യമവാർത്തകൾക്ക് പിന്നാലെയാണ് സർക്കാർ ചെറുവിരലെങ്കിലും അനക്കുന്നത്. ഒടുവിൽ എഡിജിപി, ഡിജിപിക്കു സമർപ്പിക്കുകയും ചെയ്യുന്നു. ഇന്ന് ഡിജിപി ഈ റിപ്പോർട്ട് പരിശോധിക്കും. ഇന്നലെവൈകിട്ടാണ് എഡിജിപി എം.ആർ അജിത് കുമാർ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് പൂർണമായും പരിശോധിച്ച ശേഷം ഡിജിപി നിർദ്ദേശങ്ങൾ എഴുതിച്ചേർക്കും. അതിനുശേഷം നാളെ മുഖ്യമന്ത്രിക്ക് കൈമാറും.
പൂരത്തിലെ ചില സുപ്രധാന ചടങ്ങുകൾ മുടങ്ങാൻ കാരണം മനപ്പൂർവ്വം ഉണ്ടായ വീഴ്ചയാണെന്ന് റിപ്പോർട്ടിൽ പരാമർശം ഉണ്ടോ എന്നുള്ളതാണ് എല്ലാവരും ഉറ്റു നോക്കുന്നത്. പൂരം കലക്കിയിട്ടില്ലെന്നും ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും പറയുമ്പോൾ പിന്നിൽ മറ്റ് ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള സംശയങ്ങളും ഉയരുന്നുണ്ട്.