സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഭരണ സ്തംഭനം ; ചവറ ജയകുമാർ
തിരുവനന്തപുരം : എൻജിനീയറിങ് കോളേജുകളും പോളിടെക്നിക്കുകളും ഉൾപ്പെടെ സാങ്കേതിക വിദ്യാഭ്യാസ മേഖലയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ട സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ നിലവിൽ ഭരണസ്തംഭനം ആണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടെക്നിക്കൽ ഹൈസ്കൂളുകളിലും പോളിടെക്നിക്കുകളിലും എൻജിനീയറിങ് കോളേജുകളിലുമായി നൂറുകണക്കിന് തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. ഇതിൽ സമയബന്ധിതമായി നിയമനം നടത്താൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല. വകുപ്പിന്റെ മേധാവിയായ ഡയറക്ടർക്ക് പൂർണ്ണ ചുമതല നൽകിയിട്ടില്ല. വർഷങ്ങളായി ഇൻചാർജ്ജ് ആയാണ് ഡയറക്ടർ ഭരണം നടത്തുന്നത്. ഇത് നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയാണ്. സീനിയർ ക്ലാർക്ക്മാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കിയപ്പോൾ ടൈപ്പിസ്റ്റ് തസ്തികയിൽ നിന്നും ബൈ ട്രാൻസ്ഫർ വഴി നിയമനം ലഭിച്ചവർക്ക് മുൻകാല പ്രാബല്യം നൽകുന്നതിനായി ചട്ടവിരുദ്ധമായി സർക്കുലർ ഇറക്കിയതും ഭരണരംഗത്തെ പിടിപ്പുകേടിന് ഉദാഹരണമാണ്. ഇതിലൂടെ നൂറുകണക്കിന് സീനിയർ ക്ലാർക്ക്മാരുടെ പ്രമോഷൻ സാധ്യതകളാണ് അട്ടിമറിക്കപ്പെട്ടതെന്ന് ചവറ ജയകുമാർ പറഞ്ഞു.
എൻജിനീയറിങ് വർക്ക്ഷോപ്പുകളിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകേണ്ട ട്രേഡ് ഇൻട്രക്ടർ തസ്തികയിലേക്കുള്ള പ്രമോഷനുകളും അകാരണമായി വൈകുകയാണ്. വകുപ്പിലെ ജീവനക്കാരിൽ നിന്നും യോഗ്യതയുള്ളവരെ പ്രൊമോട്ട് ചെയ്യേണ്ട റേഷ്യോ നിശ്ചയിക്കുന്നതിൽ വകുപ്പിന് മെല്ലെപ്പോക്കാണ്. മുൻകാലങ്ങളിൽ ആദ്യത്തെ മൂന്നു വേക്കൻസികളിൽ വകുപ്പിൽ നിന്നുള്ളവർക്ക് നിയമനം ലഭിച്ചിരുന്നപ്പോൾ ഒരെണ്ണം മാത്രമാണ് നേരിട്ടുള്ള നിയമനം വഴി നൽകിയിരുന്നത്. ഇത് വെട്ടിക്കുറയ്ക്കാനായി സ്പെഷ്യൽ റൂളിൽ ഭേദഗതി വരുത്താനുള്ള നീക്കവും നടക്കുന്നുണ്ട്. ഉമ്മൻചാണ്ടി സർക്കാർ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് അനുവദിച്ച 10% പ്രമോഷനും വർഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. സംസ്ഥാനത്താകെ 28 തസ്തികകൾ ഒഴിഞ്ഞു കിടന്നിട്ടും അതിൽ നിയമനം നൽകാൻ വേണ്ട ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ നിന്നും ബൈ ട്രാൻസ്ഫർ നിയമന പ്രകാരം ട്രേഡ്സ്മാൻ തസ്തികയിലേക്ക് നൽകേണ്ട പ്രമോഷൻ മൂന്നുവർഷമായി നടക്കുന്നില്ല.
നിയമപ്രകാരം വകുപ്പിൽ തന്നെ തീരുമാനമെടുക്കേണ്ട പ്രമോഷനുകൾ യാതൊരു മാനദണ്ഡവും ഇല്ലാതെ മറ്റ് വകുപ്പുകളിൽ നിന്നുള്ള അഭിപ്രായം സ്വരൂപിക്കാൻ എന്ന പേരിൽ നിരന്തരം തട്ടിക്കളിക്കുകയാണ്. വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർമാരുടെ ഫോർമാൻ തസ്തികയിലേക്കുള്ള പ്രമോഷനും സമയബന്ധിതമായി നടക്കുന്നില്ല. ഡിപ്ലോമ യോഗ്യതയുള്ളവർക്ക് മുൻകാലങ്ങളിൽ ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് മാരായി നിയമനം ലഭിച്ചിരുന്നുവെങ്കിൽ ഇപ്പോൾ അത് ബിരുദം ഉള്ളവർക്ക് മാത്രമായി വെട്ടിക്കുറയ്ക്കാൻ ശ്രമം നടക്കുകയാണ്.
സ്ഥലംമാറ്റത്തിന്റെ പേരിലും ജീവനക്കാരെ വേട്ടയാടുന്ന നിലപാടാണ് വകുപ്പിനുള്ളത്. ഓൺലൈൻ സ്ഥലംമാറ്റം എന്ന് പേരിന് പറയുമെങ്കിലും ഇഷ്ടക്കാർക്കും സ്വന്തക്കാർക്കും രാഷ്ട്രീയ സ്വധീനത്തിന്റെ പേരിൽ സ്ഥലംമാറ്റം നൽകുകയാണ്. അർഹതപ്പെട്ട ജീവനക്കാർ അപേക്ഷ നൽകിയാലും വിദൂര സ്റ്റേഷനുകളിൽ നിയമിച്ച് അവരെ ചട്ടം പഠിപ്പിക്കുന്ന നടപടിയും വകുപ്പിൽ ഉണ്ടെന്ന പരക്കെ ആക്ഷേപമുണ്ട്.
ഇതിനൊക്കെ പുറമേ വകുപ്പിന് കീഴിലുള്ള ടെക്നിക്കൽ ഹൈസ്കൂളുകളിലെ 8, 9 ,10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ ടെക്നിക്കൽ പാഠപുസ്തകങ്ങൾ ഇതേവരെ നൽകിയിട്ടില്ല. ഓണ പരീക്ഷയായിട്ടും പുസ്തകങ്ങൾ ലഭിക്കാത്തത് വിദ്യാർത്ഥികൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഏറെ സാധ്യതകൾ ഉണ്ടായിട്ടും അവയൊന്നും മുതലാക്കാൻ വകുപ്പിന് കഴിഞ്ഞിട്ടില്ല. തലസ്ഥാന നഗരിയിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വന്നിട്ടും അവിടെ ഉണ്ടാകുന്ന തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുന്ന വിധത്തിൽ കോഴ്സുകൾ ആരംഭിക്കാൻ യാതൊരു നടപടിയും ഇതേവരെ സ്വീകരിച്ചിട്ടില്ല. സ്വകാര്യ സ്ഥാപനങ്ങൾ ഈ രംഗത്ത് വലിയ ഫീസ് ചുമത്തിയാണ് കോഴ്സുകൾ നടത്തുന്നത്.
പോളിടെക്നിക്കുകളിൽ നിലവിലുള്ള കണ്ടിന്യൂയിങ് എജുക്കേഷൻ സെല്ലിന്റെ പ്രവർത്തനം പരിപൂർണ്ണമായി ഉപയോഗിച്ചാലും ഇതിലേക്ക് വേണ്ട പരിശീലനം നൽകാവുന്നതാണ്. എന്നാൽ ഭാവിയിലേക്ക് തൊഴിൽ സാധ്യതയുള്ള കോഴ്സുകൾ ആരംഭിക്കുന്നതിന് വകുപ്പ് തയ്യാറാകുന്നില്ല.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ പ്രശ്നങ്ങൾ പഠിക്കുന്നതിനും അതിനാവശ്യമായ പരിഹാരം കണ്ടെത്തുന്നതിനും ഗവൺമെൻറ് മുൻകൈയെടുക്കണം. ജീവനക്കാർക്ക് അർഹമായ പ്രമോഷനും ട്രാൻസ്ഫറും നിലവിലുള്ള സ്പെഷ്യൽ റൂൾ അനുസരിച്ച് ലഭിക്കുന്ന സാഹചര്യം ഉണ്ടാകണം. ജീവനക്കാരുടെ പരാതികൾ അവഗണിക്കുന്ന സാഹചര്യമുണ്ടായാൽ സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.
തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡൻറ് വിഎസ് രാകേഷ് അധ്യക്ഷതവഹിച്ചു. ടെക്നിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻറ് കമ്മിറ്റി കൺവീനറും എൻജിഒ അസോസിയേഷൻ നോർത്ത് ജില്ലാ പ്രസിഡന്റുമായ ആർ.എസ്. പ്രശാന്ത് കുമാർ,
വെള്ളറട മുരളി, ജോർജ്ആൻറണി,അരുൺ ജി ദാസ്, ഷിജി ഷൈൻ, സുനിൽകുമാർ, ഷൈൻ കുമാർ, ശിബി, രതീഷ് രാജൻ, അഖിൽ എസ് പി, എൻ.വി വിപ്രേഷ് കുമാർ, റിനി രാജ് എന്നിവർ സംസാരിച്ചു.