Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ടി. പത്മനാഭന്റേത് ശരിയുടെ പക്ഷം: അടൂർ ഗോപാലകൃഷ്ണൻ

09:25 PM Oct 30, 2023 IST | Veekshanam
Advertisement

ഇന്ദിരാഗാന്ധിയുടെ പേരിലുള്ള സാഹിത്യ പുരസ്കാരം പുത്തൻ ചുവടുവെയ്പ്പ്

Advertisement

തിരുവനന്തപുരം : സർഗാത്മകതയിൽ ജനാധിപത്യത്തോടും മതേതരത്വത്തോടും പ്രതിബദ്ധത പുലർത്തുന്ന എഴുത്തുകാരെ ആദരിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കോൺഗ്രസിന്റെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയ പുരസ്കാരം പുത്തൻ ചുവടുവെയ്പ്പെന്ന് വിഖ്യാത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സാഹിത്യത്തിലെ സമഗ്ര സംഭാവനക്കുള്ള പ്രിയദർശിനി പബ്ലിക്കേഷന്റെ പ്രഥമ പുരസ്കാരത്തിന് മലയാള സാഹിത്യത്തിലെ കുലപതി ടി. പത്മനാഭനെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ച ജൂറി ചെയർമാൻ കൂടിയായ അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകൾ നിറഞ്ഞ മനസോടെയാണ് സാഹിത്യലോകം സ്വീകരിക്കുന്നത്. രാജ്യത്ത് എണ്ണമറ്റ വികസന പ്രവർത്തനങ്ങൾ കൊണ്ടുവരുകയും കലാ- സാഹിത്യ- സാംസ്കാരിക- പാരിസ്ഥിതിക വിഷയങ്ങളിൽ മൗലികമായ സംഭാവനകൾ നൽകുകയും ചെയ്ത മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേരിലാണ് പുരസ്കാരം നൽകുന്നതെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.മലയാള കഥാ സാഹിത്യത്തിന് ടി. പത്മനാഭൻ നൽകിയ എക്കാലത്തേയും മികച്ച സംഭാവനകളെ മുൻനിർത്തിയാണ് അവാർഡ് നൽകുന്നത്. ഭരണ തലത്തിലും സമൂഹത്തിലാകെയും നിലനിൽക്കുന്ന പ്രതിലോമ പ്രവർത്തനങ്ങൾക്കും വിവേചനങ്ങൾക്കുമെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന എഴുത്തുകാരെ ആദരിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.ടി. പത്മനാഭൻ എന്ന എഴുത്തുകാരൻ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പക്ഷത്താണ് നിലകൊള്ളുന്നത്. അപ്രിയങ്ങളായ സത്യങ്ങൾ സാമൂഹ്യ നന്മയെ മുൻ നിർത്തി സധൈര്യം വിളിച്ചു പറയുന്ന അപൂർവ്വം എഴുത്തുകാരിൽ ഒരാളാണ് ടി. പത്മനാഭൻ. തൊണ്ണൂറിലധികം വർഷങ്ങൾ പിന്നിടുന്ന പത്മനാഭൻ സാഹിത്യ രംഗത്ത് നടത്തിയ ശ്രദ്ധേയ ഇപെടലും സംഭാവനകളും കണക്കിലെടുത്താണ് പുരസ്കാരത്തിന് പരിഗണിച്ചതെന്നും ജൂറി ചെയർമാൻ പറഞ്ഞു.സാഹിത്യ മേഖലയിൽ പ്രത്യേകിച്ച് കഥാ സാഹിത്യ രംഗത്ത് ചെലുത്തിയ സ്വാധീനം,താൻ ജീവിക്കുന്ന കാലത്തോട് നീതി പുലർത്തി സ്വീകരിക്കുന്ന ജനപക്ഷ നിലപാടുകൾ,എഴുത്തുകാരന്റെ ധാർമികത ഉയർത്തിപ്പിടിച്ചു സമൂഹത്തിന് വേണ്ടി നടത്തുന്ന ശക്തമായ പ്രതികരണങ്ങൾ, പുതിയ ആഖ്യാന ശൈലി, തുടങ്ങിയവ പത്മനാഭന്റെ എടുത്തു പറയത്തക്ക സവിശേഷതകളാണ്. കഥാസാഹിത്യത്തിന്റെ അനന്തസാധ്യതകൾ മലയാള വായനക്കാരെ ബോധ്യപ്പെടുത്തിയ കഥാകൃത്താണ് പത്മനാഭൻ. കവിതയുടെ വരമ്പത്തുകൂടി സഞ്ചരിക്കുന്നവ എന്ന് ടി. പത്മനാഭന്റെ കഥകളെ വിശേഷിപ്പിക്കാറുണ്ട്. ആഖ്യാനത്തിലെ സങ്കീർണതകൾ ഒഴിവാക്കുന്ന കഥാകൃത്തെന്ന നിലയിൽ വ്യത്യസ്തമായ എഴുത്ത് ശൈലി അദ്ദേഹത്തിനുണ്ട്. ഉദാത്തമായ ലാളിത്യം പത്മനാഭൻ കഥകളെ ശ്രദ്ധേയമാക്കുന്നു. ലളിതകൽപ്പനകളിലൂടെയും അനവദ്യസുന്ദരമായ ചമൽക്കാരങ്ങളിലൂടെയും കഥയെഴുത്തിൽ തനതായ സരണിയും നവഭാവുകത്വവും അദ്ദേഹം സൃഷ്ടിച്ചു. സത്യം, സ്നേഹം, ദയ, സഹാനുഭൂതി, ത്യാഗം, സമത്വം മാനവികത തുടങ്ങിയ മൂല്യങ്ങൾ ഉണർത്തുന്നവയാണ് അദ്ദേഹത്തിന്റെ കഥകളെല്ലാം. റഷ്യൻ ഫ്രഞ്ച് ജർമൻ ഭാഷകളിലേക്കും ഇദ്ദേഹത്തിന്റെ കൃതികൾ തർജിമ ചെയ്യപ്പെട്ടിട്ടുണ്ട്. കഥകൾ മാത്രമേ എഴുതൂ എന്ന് ഉറപ്പിച്ച എഴുത്തുകാരനാണ് ടി പത്മനാഭൻ. അദ്ദേഹത്തിന്റെ ഓരോ കഥയും നല്കുന്ന ആശയം ഏറ്റവും മികച്ച ഒരു ലേഖനത്തിനുപോലും നൽകാനാവില്ല. ഒരു കവിതയുടെ എല്ലാ ശൈലിയും ഒത്തൊരുങ്ങിയ ഒരു കഥ എന്നുതന്നെ ഓരോ കഥയെയും വിശേഷിപ്പിക്കാം.കാരണം പ്രകാശം പരത്തുന്ന പെൺകുട്ടിയെ പോലെ,ഗൗരിയെ പോലെ, ശേഖൂട്ടിയെ പോലെ ,മഖൻസിങ്ങിനെ പോലെ ജീവിതത്തിന്റെ നാനാമുഖങ്ങൾ നമുക്കു മുന്നിൽ മറ്റൊരാളും വരച്ചുകാട്ടിയിട്ടില്ല.തന്റെ കഥയിലൂടെ വായനക്കാരനെകൊണ്ട് മനസ്സിൽ അതിന്റെ ബാക്കിഭാഗത്തെ കുറിച്ച് അഗാധമായി ആലോചിക്കുവാനുള്ള പ്രേരണയും നൽകുന്നു. ഒരെഴുത്തുകാരൻ ഒരു വായനക്കാരന് നൽകുന്ന ഏറ്റവും മികച്ച സമ്മാനങ്ങളിൽ ഒന്നാണത്. രാഷ്ട്രീയത്തിന് അപ്പുറമായി പാവങ്ങളോട് പക്ഷം ചേരുന്ന നിലപാടാണ് എന്നും അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. ശരിയുടെ പക്ഷമാണ് പത്മനാഭൻ്റേതെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. അടൂരിന് പുറമേ, യു.കെ കുമാരൻ, ഗ്രേസി, സുധാ മേനോൻ, പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ അഡ്വ. പഴകുളം മധു എന്നിവരായിരുന്നു പുരസ്കാര നിർണയ സമിതി.

Advertisement
Next Article