രാഹുലിന്റെ വക്കാലത്ത് ഏറ്റെടുക്കില്ലെന്ന് അഡ്വ. ഷമീം പക്സാന്‍
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതിയായ രാഹുലിന്റെ വക്കാലത്ത് ഏറ്റെടുക്കില്ലെന്ന് അഡ്വ. ഷമീം പക്സാന്‍. വക്കാലത്ത് ഏറ്റെടുക്കുന്നതില്‍ നിയമപ്രശ്നങ്ങള്‍ ഇല്ലെങ്കിലും തന്റെ ധാര്‍മികത അനുവദിക്കുന്നില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു. പന്തീരാങ്കാവ് പീഡനക്കേസിലെ പ്രതിഭാഗം അഭിഭാഷകനായിരുന്നു ഷമീം പക്സാന്‍.
'വക്കാലത്ത് ഏറ്റെടുക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. വക്കാലത്ത് ഏറ്റെടുക്കണം എന്ന ആവശ്യവുമായി രാഹുലിന്റെ കുടുംബം വീണ്ടും സമീപിച്ചിരുന്നു. തെറ്റ് തിരുത്തി ജീവിക്കാനുള്ള അവസരം ഹൈക്കോടതി നല്‍കിയെങ്കിലും രാഹുല്‍ നഷ്ടപ്പെടുത്തി'ഷമീം പക്സാന്‍
ഇക്കഴിഞ്ഞ മെയിലാണ് രാഹുലിന് എതിരെ യുവതി ആദ്യ ഗാര്‍ഹിക പീഡന പരാതി നല്‍കിയത്. കേസില്‍ വീഴ്ച വരുത്തിയെന്ന കാരണത്താല്‍ പന്തീരാങ്കാവ് ഇന്‍സ്പെക്ടര്‍ അടക്കം രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ യുവതി പരാതിയില്‍ നിന്ന് പിന്മാറിയതോടെ ഒരു മാസം മുന്‍പ് ഹൈക്കോടതി ഈ കേസ് റദ്ദ് ചെയ്യുകയായിരുന്നു. അതിനിടെ രാഹുല്‍ മര്‍ദിച്ചെന്നാരോപിച്ച് യുവതി ചൊവ്വാഴ്ച്ച വീണ്ടും പരാതി നല്‍കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ആദ്യ കേസ് പുനഃപരിശോധിക്കാന്‍ നിയമോപദേശം തേടാനുള്ള നീക്കത്തിലാണ് പൊലീസ്. ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് പരാതിക്കാരിയുടെ പിതാവും ആവശ്യപ്പെട്ടിട്ടുണ്ട്.
രാഹുലിനൊപ്പം കഴിയാന്‍ താല്‍പര്യമില്ലെന്നാണ് യുവതി പൊലീസിനെ അറിയിച്ചത്. കറിയില്‍ ഉപ്പ് കുറഞ്ഞെന്നാരോപിച്ച് രാഹുല്‍ മര്‍ദിച്ചതായാണ് യുവതിയുടെ പരാതി. തലയ്ക്കുള്‍പ്പെടെ പരിക്കേറ്റ യുവതിയെ രാഹുലും അമ്മയും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ നരഹത്യ, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്