ബിജെപി-വിഎച്പി ഭിന്നത പുറത്ത് അഡ്വാനിയെ തഴഞ്ഞു
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് മുതിർന്ന ബിജെപി നേതാവ് ലാൽ കൃഷ്ണ അദ്വാനിയെ ബിജെപി തഴഞ്ഞു. ഡോ. മുരളീ മനോഹർ ജോഷിയും പങ്കെടുക്കുന്നില്ല. ഇരുവരെയും ചടങ്ങിലേക്കു ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുക്കേണ്ട എന്ന മുന്നറിയിപ്പോടെ ആയിരുന്നു ക്ഷണം. രാമക്ഷേത്ര സമരത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ മുൻനിരയിൽ നിന്നയാളാണ് എൽ കെ അദ്വാനി. ആരോഗ്യവും പ്രായവും കണക്കിലെടുത്ത് എൽ കെ അദ്വാനിയും പാർട്ടി സഹപ്രവർത്തകൻ മുരളി മനോഹർ ജോഷിയും പ്രാൺ പ്രതിഷ്ഠയിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്ന് രാം മന്ദിർ ട്രസ്റ്റായ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്രം നേരത്തെ വ്യക്തമാക്കിയിരുന്നു. രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്കുള്ള അദ്വാനിയുടെ വരവിനെക്കുറിച്ച് ബിജെപി നേതൃത്വത്തിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്നു. നരേന്ദ്ര മോദിയെ അനുകൂലിക്കുന്നവരാണ് അഡ്വാനിക്കെതിരേ ചരട് വലിച്ചത്.
“ഇരുവരും കുടുംബത്തിലെ മുതിർന്നവരാണ്, അവരുടെ പ്രായം കണക്കിലെടുത്ത്, വരരുതെന്ന് അവരോട് അഭ്യർത്ഥിച്ചു. അത് ഇരുവരും അംഗീകരിച്ചു,” രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് കഴിഞ്ഞ മാസം മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ, ഈ മാസം ആദ്യം എൽ കെ അദ്വാനി രാമക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞിരുന്നു. ബിജെപി അദ്ദേഹത്തിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും മെഡിക്കൽ സൗകര്യങ്ങളും ഒരുക്കുമെന്നും വിഎച്ച്പിയുടെ അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ പറഞ്ഞിരുന്നു. ഡിസംബറിലാണ് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടന ചടങ്ങിൽലേക്ക് പങ്കെടുക്കുന്നതിനായി എൽകെ അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും വിഎച്ച്പി ക്ഷണിച്ചത്.