ജോയിക്ക് വിടചൊല്ലി നാട്, മൃതദേഹം മാരായമുട്ടത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു
തിരുവനന്തപുരം: ആമയിഴഞ്ചാന്‍തോട്ടിൽ ഒഴുക്കില്‍പ്പെട്ട് മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം മാരായമുട്ടത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ജോയിയുടെ സഹോദരന്റെ വസതിയിൽ പത്തുമിനിറ്റ് പൊതുദർശനത്തിനു ശേഷമാണ് മൃതദേഹം സംസ്കരിച്ചത്.
മൃതദേഹം ജീർണാവസ്ഥയിലായതിനാൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണമാണ് സംസ്കാരം വേഗത്തിൽ നടത്തിയത്. തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ ആര്യ രാജേന്ദ്രൻ, എംഎല്‍എ സി.കെ.ഹരീന്ദ്രന്‍ എന്നിവര്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സംസ്കാര ചടങ്ങിനെത്തിയിരുന്നു.
ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ, സഹോദരന് ജോലി, ജോയിയുടെ കുടുംബത്തിന് വീട്, വീട്ടിലേക്ക് വഴി എന്നിങ്ങനെ നാല് ഉറപ്പുകള്‍ സര്‍ക്കാരും കോര്‍പ്പറേഷനും നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വലിയ പ്രതിഷേധങ്ങളില്ലാതെ സംസ്കാര ചടങ്ങുകള്‍ നടന്നതെന്ന് ജോയിയുടെ കുടുംബം പറഞ്ഞു.