തീരാനൊമ്പരം; 123 പേരുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി, മേപ്പാടി പൊതുശ്മശാനത്തില്‍ ഒറ്റരാത്രി സംസ്‌ക്കരിച്ചത് 15 മൃതശരീരങ്ങള്‍
മേപ്പാടി: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിൽ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച 123 പേരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങള്‍ വയനാട്ടില്‍ എത്തിച്ചശേഷം മേപ്പാടിയില്‍ വെച്ചാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. മരിച്ചവരില്‍ 75 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. മരിച്ചവരില്‍ 91 പേരുടെ മൃതദേഹങ്ങള്‍ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങള്‍ നിലമ്പൂര്‍ സർക്കാർ ആശുപത്രിയിലുമായിരുന്നു. അതേസമയം, മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഉരുള്‍പ്പൊട്ടല്‍ തകര്‍ത്തെറിഞ്ഞ മുണ്ടക്കൈയില്‍ വീടുകളിലടക്കം മൃതദേഹം കണ്ടെത്തിയ സാഹചര്യമുണ്ടായി.
വളരെ ദുഷ്‌ക്കരമായ ദുരിതാശ്വാസ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. അതേസമയം, മുണ്ടക്കൈ ദുരന്തത്തില്‍ മരിച്ചവരെ മേപ്പാടിയിലെ പൊതു ശ്മാശാനത്തില്‍ സംസ്‌ക്കരിക്കുന്ന നടപടികള്‍ തുടരുകയാണ്. ചൊവ്വാഴ്ച രാത്രി ഏഴ് മണി മുതല്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് വരെ 15 മൃതശരീരങ്ങളാണ് ഈ ശ്മശാനത്തില്‍ എരിഞ്ഞടങ്ങിയത്. രാവിലെ ഏഴ് മുതല്‍ വീണ്ടും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു തുടങ്ങി. ഉറ്റവരുടെയും ബന്ധുക്കളുടെയും മൃതദേഹങ്ങള്‍ ഒരു നോക്ക് കാണാന്‍ നിരവധിയാളുകളാണ് ഇവിടെ എത്തുന്നത്. മുഖം പോലും കാണാന്‍ പറ്റാത്ത ഒട്ടനവധി മൃതദേഹങ്ങള്‍ ഇവിടെ കണ്ണീര്‍ക്കാഴ്ചയായി മാറുകയാണ്. സന്നദ്ധ പ്രവര്‍ത്തകരടക്കമുള്ളവരാണ് സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
അവസാനമായി വീടുകളിലേക്ക് തിരിച്ചെത്താന്‍ കഴിയാത്തവിധം എല്ലാം നഷ്ടപ്പെട്ടവരുട നൊമ്പരങ്ങളാണ് എരിഞ്ഞടങ്ങിക്കൊണ്ടിരിക്കുന്നത്. മുണ്ടൈക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് നിലവില്‍ 99 പേരാണ് അഞ്ചു ക്യാമ്പുകളിലായി ഉള്ളത്. ആകെ 195 പേരാണ് ആശുപത്രികളില്‍ എത്തിയത്. ഇതില്‍ 190 പേര്‍ വയനാട്ടിലും അഞ്ച് പേര്‍ മലപ്പുറത്തുമാണ്. വയനാട്ടില്‍ എത്തിയ 190 പേരില്‍ 133 പേര്‍ മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും, 28 പേര്‍ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും, 24 പേര്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും, 5 പേര്‍ വൈത്തിരി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. നിലവില്‍ 97 പേര്‍ വയനാട്, മലപ്പുറം ജില്ലകളിലായി ചികിത്സയിലുണ്ട്. ഇതില്‍ 92 പേരും വയനാട്ടിലാണ്. അതേസമയം, ഏഴിമല നാവിക അക്കാദമിയിലെ 60 സംഘം രക്ഷാപ്രവര്‍ത്തനത്തിന് ചൂരല്‍മലയിലെത്തിയിട്ടുണ്ട്. ലെഫ്റ്റനന്റ് കമാന്‍ഡന്റ് ആഷിര്‍വാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികര്‍, അഞ്ച് ഓഫീസര്‍മാര്‍, ആറ് ഫയര്‍ ഗാര്‍ഡ്‌സ് ഒരു ഡോക്ടര്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.