കാർഷിക സെൻസസിന് തുടക്കമായി
പതിനൊന്നാമത് കാർഷിക സെൻസസിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും വിവരശേഖരണം ആരംഭിച്ചു. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിനാണ് ജില്ലാ തലത്തിൽ കാർഷിക സെൻസസിന്റെ നടത്തിപ്പ് ചുമതല. ഫീൽഡ് പ്രവർത്തനങ്ങൾക്ക് വകുപ്പിലെ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാരാണ് നേതൃത്വം നൽകുക.രണ്ടാം ഘട്ടത്തിൽ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ വാർഡുകളിൽ നിന്നും തെരെഞ്ഞെടുത്ത വാർഡുകളിലെ എല്ലാ കുടുംബങ്ങളിൽ നിന്നും അവരുടെ കൈവശം ഉണ്ടായിരുന്ന ഭൂമിയിൽ 2021-22 വർഷത്തിൽ കൃഷി ചെയ്ത വിളകൾ, ജലസേചന രീതി തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും.മൂന്നാം ഘട്ടത്തിൽ സംസ്ഥാനത്തെ തെരെഞ്ഞെടുത്ത വാർഡുകളിലെ കുടുംബങ്ങളിൽ നിന്നും അവരുടെ കൈവശം ഉണ്ടായിരുന്ന ഭൂമിയിൽ 2022-23 ൽ കൃഷി ചെയ്ത വിളകൾ, ജലസേചന രീതി, കൃഷിക്കുണ്ടായ ചെലവുകൾ, കൃഷിക്കായി എടുത്ത ലോണുകൾ, കൃഷി സ്ഥലത്തു അവലംബിച്ച വളം, കീടനാശിനി പ്രയോഗം തുടങ്ങിയവ സംബന്ധിച്ച് വിശദമായ വിവരശേഖരണം നടത്തും.സംസ്ഥാനത്തെ കൃഷിരീതികൾ മെച്ചപ്പെടുത്തുന്നതിനും കർഷകരുടെ വളർച്ചക്കുമായി നടക്കുന്ന ഈ വിവരശേഖരണത്തിന് എന്യൂമറേറ്റർമാർ എത്തുമ്പോൾ കർഷകർ സത്യസന്ധമായ വിവരങ്ങൾ നൽകണമെന്ന് നിർദേശിച്ചു.