എഐസിസിയുടെ തീരുമാനം അന്തിമമാണ്; രമേശ് ചെന്നത്തല
തിരുവനന്തപുരം: കേരളത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ എഐസിസി പ്രഖ്യാപിച്ച സ്ഥാനാർഥികൾക്കു വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നത്തല പറഞ്ഞു. സ്ഥാനാർഥി നിർണയത്തിൽ എഐസിസിയുടെ തീരുമാനം അന്തിമമാണ്. അവർ തീരുമാനം പ്രഖ്യാപിച്ചാൽ പിന്നെ മറ്റ് അഭിപ്രായങ്ങൾക്ക് സ്ഥാനമില്ല. വയനാട് ലോക്‌സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫ് വൻ വിജയം നേടും. കേരളത്തിലെ സർക്കാരിനെതിരെയുള്ള ജനവികാരം അതീവശക്തമാണ്. അതുകൊണ്ടു തന്നെ വൻ ഭൂരിപക്ഷമാകും ഇത്തവണയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പാലക്കാട്ട് ബിജെപിയുടെ വോട്ടു വിഹിതത്തിൽ കാര്യമായ കുറവുണ്ടാകും. സരിൻ സ്ഥാനാർഥിത്വത്തെക്കുറിച്ച് സംസാരിച്ചിരുന്നു. പക്ഷേ പാർട്ടി ഒരു തീരുമാനമെടുത്താൽ പിന്നെ അതിനെ അംഗീകരിച്ച് പ്രവർത്തിക്കണമെന്നതാണ് കോൺഗ്രസിൻ്റെ പൊതു സമീപനം. എല്ലാ യുഡിഎഫ് പ്രവർത്തകരും സ്ഥാനാർഥികളുടെ വിജയത്തിനായി ഒന്നിച്ചു രംഗത്തു വരണം. കേരളത്തിൽ പിണറായി വിജയൻ സർക്കാരിനെതിരെ നിലനിൽക്കുന്ന അതിശക്തമായ ജനരോഷം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും ചെന്നിത്തല പറഞ്ഞു.