അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ: കെ മുരളീധരൻ
തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബെലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ചതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അജിത് കുമാര്‍ ഹൊസബെലയുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് പിണറായി വിജയൻ മറുപടി പറയാതിരുന്നപ്പോൾ തന്നെ ഇത് നിദ്ദേശിക്കാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്ന് അറിയാമായിരുന്നു, പ്രതിപക്ഷം ഉന്നയിച്ചത് ഇപ്പോൾ സത്യമാണെന്ന് പൂർണമായി തെളിഞ്ഞിരിക്കുകയാണ്.
രഹസ്യപദ്ധതിയുടെ ഫലമാണ് പിന്നീട് തൃശൂരില്‍ ബിജെപിക്ക് ലഭിച്ചത്. ആര്‍എസ്എസ് നേതാവിനെ അജിത് കുമാര്‍ സന്ദര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രിയേയോ ഡിജിപിയെയോ അറിയിക്കണ്ടേയെന്നും മുരളീധരന്‍ ചോദിച്ചു. തൃശ്ശൂര്‍ പൂരം അട്ടിമറിക്കാൻ ഗൂഢാലോചന നടന്നതായി വ്യക്തമായിട്ടുണ്ട്. ആര്‍എസ്എസ് നേതാവിനെ കാണാന്‍ അജിത്ത് കുമാറിനെ പറഞ്ഞുവിട്ടത് മുഖ്യമന്ത്രിയാണ്. തൃശ്ശൂരില്‍ ബിജെപിയെ ജയിപ്പിക്കാനും മുഖ്യമന്ത്രി എതിരായ കേസുകളിൽ രക്ഷപെടാനുമാണ് അജിത്ത് കുമാറിനെ പറഞ്ഞയച്ചത്. കേരളം കിട്ടിയില്ലെങ്കിലും മോഡി സംരക്ഷിക്കുമെന്ന വിശ്വാസമാണ് അജിത്ത് കുമാറിനെന്നും കെ മുരളീധരന്‍ പറഞ്ഞു.