ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കോടതി ഇടപെടലുണ്ടാകണമെന്ന് എ.കെ.ബാലന്‍
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ കോടതിയുടെ ഇടപെടലുണ്ടാകണമെന്നും മുന്‍ മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.
നിലവിലെ റിപ്പോര്‍ട്ട് പ്രകാരം കേസെടുക്കുന്നതിന് പ്രായോഗിക തടസങ്ങളുണ്ട്. സര്‍ക്കാരിന് വ്യക്തിപരമായ പരാതികള്‍ ലഭിച്ചിട്ടില്ല. കമീഷന് മുന്നില്‍ മൊഴികൊടുത്തവരില്‍ ആരെങ്കിലും ഒരാള്‍ പരാതിയുമായി മുന്നോട്ടുവന്നാല്‍ ഏതു കൊമ്പത്തെ വമ്പനായാലും സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും ബാലന്‍ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല. 2017 ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് സിനിമ മേഖലയില്‍ കണ്ടുവരുന്ന തെറ്റായ പ്രവണത മനസിലാക്കാനും അത് ആവര്‍ത്തിക്കാതിരിക്കാനും കമ്മിറ്റിയെ വച്ചത്. 2019 ല്‍ ജസ്റ്റിസ് ഹേമ കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി.
ഹേമ കമ്മിറ്റിക്ക് മുന്നില്‍ തെളിവ് നല്‍കിയ ചിലര്‍ സ്വകാര്യത ഹനിക്കുന്ന ഒന്നും പ്രസിദ്ധപ്പെടുത്തരുത് എന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ഉറപ്പ് കമ്മിറ്റിയും അവര്‍ക്ക് നല്‍കി. അതിന്റെ അടിസ്ഥാനത്തിലാണ് പല കാര്യങ്ങളും തുറന്നുപറഞ്ഞത്. അത് ഒരിക്കലും പുറത്തുവിടരുതെന്ന് കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അത്തരം കാര്യങ്ങള്‍ എന്തെന്ന് സര്‍ക്കാരിന്റെ മുന്നിലില്ല. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് കേസ് എടുക്കാനുമാകില്ല. ആരെങ്കിലും പരാതിയുമായി മുന്നോട്ടുവന്നാല്‍ നടപടിയെടുക്കുമെന്നും എ.കെ.ബാലന്‍ വ്യക്തമാക്കി.