Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ആകാശ് തില്ലങ്കേരി റോഡ് നിയമങ്ങള്‍ ലംഘിച്ച് ജീപ്പോടിച്ച സംഭവം: സ്വമേധയ കേസെടുക്കുമെന്നു ഹൈക്കോടതി

03:31 PM Jul 09, 2024 IST | Online Desk
Advertisement

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് എടയന്നൂരിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആകാശ് തില്ലങ്കേരി റോഡ് നിയമങ്ങള്‍ ലംഘിച്ച് ജീപ്പോടിച്ച സംഭവത്തില്‍ സ്വമേധയ കേസെടുക്കുമെന്നു ഹൈക്കോടതി. പൊതുസ്ഥലത്ത് ഉണ്ടാകാന്‍ പോലും പാടില്ലാത്ത വാഹനം ഓടിക്കുന്നത് ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Advertisement

ആകാശ് തില്ലങ്കേരിയുടെ ഡ്രൈവിങ് സംബന്ധിച്ച വാര്‍ത്തകള്‍ വായിച്ച ശേഷമാണ് സ്വമേധയാ കേസെടുക്കുമെന്ന് ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, ഹരിശങ്കര്‍ വി. മേനോന്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാളാണ് വാഹനം ഓടിക്കുന്നതെന്നാണ് മനസിലാക്കുന്നത്. പൊതുസ്ഥലത്ത് ഉണ്ടാകാന്‍ പോലും പാടില്ലാത്ത വാഹനമാണിതെന്നും കര്‍ശന നടപടി ഉണ്ടാകണമെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

അതേസമയം, ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പിന്റെ ആര്‍സി സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടര്‍ വാഹന വകുപ്പ് നടപടി ആരംഭിച്ചു. രൂപമാറ്റം അടക്കമുള്ള നിയമലംഘനങ്ങള്‍ക്ക് നേരത്തെ മൂന്നു തവണ വാഹനത്തിനെതിരെ കേസെടുത്തിരുന്നു. വീണ്ടും നിയമം ലംഘിച്ചതോടെയാണ് ആര്‍.സി സസ്‌പെന്‍ഡ് ചെയ്യാനുള്ള മോട്ടര്‍ വാഹന വകുപ്പിന്റെ നീക്കം.കോഴിക്കോട് വടകരയില്‍ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്ന കുട്ടികളെ സ്വകാര്യ ബസിടിച്ച ദൃശ്യങ്ങളും ഡിവിഷന്‍ ബെഞ്ച് പരിശോധിച്ചു. സ്റ്റേജ് കാര്യേജ് ബസുകള്‍ക്ക് വേറെ നിയമമാണോ എന്ന് ചാനല്‍ വാര്‍ത്ത പരിശോധിച്ച കോടതി ചോദിച്ചു. ടൂറിസ്റ്റ് ബസുകളില്‍ നിയമവിരുദ്ധമായ ലൈറ്റുകള്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും ഓരോ ലൈറ്റിനും 5000 രൂപ വീതം പിഴ ഈടാക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് മാനേജിങ് ഡയറക്ടറുടെ വാഹനം ലൈറ്റിട്ട് അമിതവേഗതയില്‍ സഞ്ചരിച്ചതിനെയും ഹൈകോടതി രൂക്ഷമായി വിമര്‍ശിച്ചു. വാഹനം ഇന്ന് തന്നെ പരിശോധിച്ച് നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. നടപ്പാതകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെതിരെ സ്വമേധയാ കേസെടുക്കാനുള്ള നടപടിയിലേക്ക് കടക്കുകയാണെന്നും ഹൈകോടതി വ്യക്തമാക്കി.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആകാശ് തില്ലങ്കേരി പനമരം നഗരത്തിലൂടെ റോഡുനിയമങ്ങള്‍ ലംഘിച്ചാണ് ജീപ്പ് ഓടിച്ചത്. നമ്പര്‍ പ്ലേറ്റില്ലാത്ത ജീപ്പില്‍ സീറ്റ് ബെല്‍റ്റിടാതെയായിരുന്നു യാത്ര. മറ്റു രണ്ടുപേരും വാഹനത്തിലുണ്ടായിരുന്നു.ഞായറാഴ്ചയാണ് സാധാരണ ടയറുകള്‍ക്ക് പകരം ഭീമന്‍ ടയറുകള്‍ ഘടിപ്പിച്ച ജീപ്പുമായി ആകാശും കൂട്ടാളികളും നഗരത്തിലിറങ്ങിയത്. ഇതിന്റെ വീഡിയോകള്‍ എഡിറ്റ് ചെയ്ത് മ്യൂസിക്കും ഡയലോഗുമടക്കം ചേര്‍ത്ത് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വയനാട് ആര്‍.ടി.ഒക്ക് പരാതി നല്‍കി.എവിടെയാണ് സംഭവം നടന്നതെന്ന് അറിയാന്‍ സി.സി.ടി.വികള്‍ പരിശോധിക്കുകയാണെന്ന് വാഹന വകുപ്പ് അറിയിച്ചു. പനമരം ടൗണിലൂടെയും അപ്രോച്ച് പാലത്തിലൂടെയും വെള്ള ഷര്‍ട്ടുമണിഞ്ഞാണ് ജീപ്പില്‍ സഞ്ചരിക്കുന്നത്. പനമരം കോഫി ഹൗസിന് മുന്നില്‍ നിന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ കൂടെ ഫോട്ടോ എടുക്കുകയും ചെയ്തിട്ടുണ്ട്.

Advertisement
Next Article