മനു തോമസിനെതിരെ ഫേസ്ബുക്കിൽ ഭീഷണിയുമായി ആകാശ് തില്ലങ്കേരി
കണ്ണൂർ: സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്നും പുറത്തുപോയ മനു തോമസിനെതിരെ ഫേസ്ബുക്കിൽ ഭീഷണിയുമായി ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. പാർട്ടിക്കെതിരെ എന്തും വിളിച്ചു പറയാൻ പറ്റില്ലെന്ന് ബോധ്യപ്പെടുത്താൻ വലിയ സമയം വേണ്ടെന്നും കൂടെയുള്ളവർക്കും മാധ്യമങ്ങൾക്കും സംരക്ഷിക്കാൻ കഴിഞ്ഞെന്ന് വരില്ലെന്നുമാണ് ആകാശ് തില്ലങ്കേരി ഫെയ്സ്ബുക്കിൽ കുറിച്ചത്. റെഡ് ആർമി എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന പോസ്റ്റിനു താഴെയിട്ട കമന്റിലാണ് തില്ലങ്കേരിയുടെ പ്രതികരണം.
പി ജയരാജനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് മനു തോമസ് രംഗത്തെത്തിയതിന് പിന്നാലെയാണ് ആകാശ് തില്ലങ്കേരിയുടെ കുറിപ്പ്. ആരെയെങ്കിലും ലക്ഷ്യമിട്ട് തെറ്റായ ആരോപണം ഉന്നയിച്ചാൽ പാർട്ടി അതിന് കൂട്ടുനിൽക്കില്ല എന്നും മനു തോമസ് തിരുത്തണം എന്നുമായിരുന്നു ജയരാജന്റെ പോസ്റ്റ്. എന്നാൽ ഇതിന് മറുപടിയുമായി മനു തോമസ് രംഗത്ത് എത്തി. നിരവധി തവണ പാർട്ടിയെ പ്രതിസന്ധിയിൽ ആക്കിയ ആളാണ് ജയരാജൻ എന്നും താങ്കളുടെ അവസ്ഥ പരമ ദയനീയം ആണെന്നും പാർട്ടിയിൽ ഗ്രൂപ്പ് ഉണ്ടാക്കാൻ നോക്കിയതും മകനെയും കൊട്ടേഷൻകാരെയും ഉപയോഗിച്ച് കെട്ടിപ്പൊക്കിയ കച്ചവടങ്ങളും ജനം അറിയട്ടെ എന്നും സംവാദത്തിന് ക്ഷണിക്കുന്നു എന്നുമായിരുന്നു മനു തോമസ് പറഞ്ഞത്.