അൽഫോൻസോ മാങ്ങയ്ക്ക് പുതിയ ബ്രാൻഡ് നാമം നൽകി ചെറുകിട കർഷകർ: നേരിട്ട് ഉപഭോക്താക്കളിലേക്ക്
ചെറുകിടകർഷകരുടെ ഉടമസ്ഥതയിൽ ഇനി അൽഫോൻസോ മാങ്ങകൾ
‘ Aamore ‘ എന്ന ബ്രാൻഡ് നെയിമിൽ നേരിട്ട് ഉപഭോക്തക്കളിലെത്തും. മഹാരാഷ്ട്രയിലെ ‘ ദ കൊങ്കൺ രത്നഗിരി ഭൂമി അഗ്രോ പ്രൊഡ്യൂസർ കമ്പനി’ യാണ് പുതിയ ഉദ്യമത്തിന് മുൻകൈയെടുക്കുന്നത്. ഉയർന്ന ഗുണമേൻമയിൽ ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കുന്നതും ഫ്രഷ്നെസ്സ് കാത്തുസൂക്ഷിക്കുന്നതുമായ മാങ്ങകൾ ലോകമെമ്പാടുമുള്ള അൽഫോൻസോ ഫാനുകൾക്ക് എത്തിക്കുകയാണ് പുതിയ സംരഭത്തിൻ്റെ ലക്ഷ്യം. മുന്നൂറോളം ചെറുകിട കർഷകരുടെ കൂട്ടായ്മയാണ് ഈ പ്രൊഡ്യൂസർ കമ്പനി. കയറ്റുമതിക്കാവശ്യമായ അറിവും സൗകര്യങ്ങളും നൽകി പ്രാദേശിക കർഷകരെ പ്രാപ്തരാക്കാനുള്ള ശ്രമങ്ങളുടെ തുടക്കമായി ഇതിനെ കണക്കാക്കാം. ഏറ്റവും മികച്ച പാക്കേജിങ്ങ് സംവിധാനങ്ങൾ, സ്കാനിങ്ങ് സൗകര്യങ്ങൾ എന്നിവയൊരുക്കുന്നതിനു പുറമേ, ഫാമിൽ നിന്ന് തീൻമേശയിലെത്തുന്നതു വരെ സമഗ്ര മായ ‘ ടേസബിലിറ്റി ‘ സംവിധാനവും ഒരുക്കും. ഉപഭോക്താക്കൾക്ക് തങ്ങൾ കഴിക്കുന്ന മാങ്ങയുടെ ഉറവിടം എളുപ്പത്തിൽ അറിയാൻ കഴിയുന്നതിനാൽ ഗുണമേന്മ ഉറപ്പാക്കാൻ കഴിയുമെന്നു മാത്രമല്ല, വ്യാജൻമാർ പുറത്താവുകയും ചെയ്യും. തുടക്കമെന്ന നിലയിൽ ആദ്യത്തെ വർഷം യു.എസ്.എ, യു.കെ., യൂറോപ്പ്, അബുദാബി എന്നീ വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും ‘ Aamore ‘ അരങ്ങേറ്റം നടത്തും. ഡൽഹിയിലെ ഉപഭോക്താക്കൾക്ക് aamore.co.in എന്ന വെബ്സൈറ്റിൽ നിന്ന് മാങ്ങകൾ വാങ്ങാവുന്നതാണ്. മാങ്ങകൾ ഉത്പാദിപ്പിക്കുന്ന കർഷകർ എന്നതിനപ്പുറം ,സ്വന്തം ബ്രാൻഡിൽ വിപണനം ചെയ്യുന്ന സംരഭകരായി മാറിയതിൽ വലിയ അഭിമാനത്തിലും സന്തോഷത്തിലുമാണ് ഇവിടുത്തെ കർഷകർ. പുത്തൻ ആശയങ്ങളും രീതികളും ഏറ്റെടുക്കാൻ കഴിയുന്ന വിധം കർഷകരെ ശാക്തീകരിക്കുന്നതിലാണ് കമ്പനിയുടെ ശ്രദ്ധ. ഉപഭോക്താക്കൾക്ക് പ്രീമിയം ഉത്പന്നങ്ങൾ അവ ഉത്പാദിപ്പിക്കുന്ന കർഷകരിൽ നിന്ന് നേരിട്ട് എത്തിക്കാൻ ഇതുവഴി കഴിയുന്നു.പലപ്പോഴും ചെറുകിട കർഷകർക്ക് തങ്ങളുടെ ഉത്പന്നം നേരിട്ട് വിപണിയിലെത്തിച്ച് നേട്ടം കൊയ്യാനുള്ള സാഹചര്യം ഉണ്ടാകാറില്ല. ഇതിനൊരു ബദൽ കണ്ടെത്തുകയാണ് കൊങ്കൺ രത്നഗിരി കമ്പനി ചെയ്യുന്നത്.