മുണ്ടക്കൈയില്‍ നിന്നും അലി പന്താവൂരിലെത്തി, ജീവിത മാര്‍ഗ്ഗം നല്‍കിയ അമ്മയെ കാണാന്‍
മലപ്പുറം: ഒരു രാത്രി ഇരുട്ടി നേരം പുലര്‍ന്നപ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടവനായി മാറിയിരുന്നു അലി. വീടും പുരയിടവും ജീവിതമാര്‍ഗ്ഗമായ ഓട്ടോറിക്ഷയും ഉള്‍പ്പടെ സര്‍വ്വ സമ്പാദ്യങ്ങളും ഉരുള്‍പ്പൊട്ടലില്‍ മണ്ണോട് ചേര്‍ന്നു പോയിരുന്നു. വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട നൂറുകണക്കിനു പേരില്‍ ഒരാളാണ് അലി. അലിക്കും കുടുംബത്തിനും ജീവന്‍ മാത്രമായിരുന്നു ബാക്കിയായി അവശേഷിച്ചിരുന്നത്. ദുരിതാശ്വാസ ക്യാംപിലെ ജീവിതത്തിനിടയില്‍ ഇനിയെന്ത് എന്നതായിരുന്നു അലിയുടെ മുന്നിലെ വലിയ ചോദ്യം. ജീവിത മാര്‍ഗ്ഗമായിരുന്ന ഓട്ടോറിക്ഷ നഷ്ടപ്പെട്ടു. പകരം മറ്റൊന്ന് വാങ്ങാന്‍ ഒരു രൂപ പോലും കൈയിലില്ല. എന്ത് ചെയ്യുമെന്നറിയാതെ പ്രയാസപ്പെട്ട അലിയുടെ മുന്നിലേക്ക്് പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകയായ നര്‍ഗ്ഗീസ് ബീഗത്തിന്റെ നേതൃത്വത്തില്‍ വയനാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഡോറ എന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകരെത്തുകയായിരുന്നു. അലിയുടെ പ്രയാസം മനസ്സിലാക്കിയ നര്‍ഗ്ഗീസ് ബീഗം സഹപ്രവര്‍ത്തകകര്‍ക്കും സൃഹൃത്തുക്കള്‍ക്കും മുന്നില്‍ വിഷയം അവതരിപ്പിച്ചു. അഡോറയുടെ ട്രഷററും മുബൈയില്‍ വ്യവസായിയുമായ മലപ്പുറം പന്താവൂരിലെ സതീശ് നമ്പൂതിരിയുടെ മാതാവ് ആര്യ അന്തര്‍ജ്ജനം അലിയെ സഹായിക്കാനായി മുന്നോട്ടു വന്നു. പുതിയ സി എന്‍ജി ഓട്ടോറിക്ഷക്കുള്ള മുഴുവന്‍ തുകയും അമ്മ അഡോറയുടെ പ്രവര്‍ത്തകരെ ഏല്‍പ്പിച്ചു. സെപ്റ്റംബര്‍ 13ന് വയനാട് കമ്പളക്കാട് വച്ച് നടന്ന ചടങ്ങില്‍ നര്‍ഗീസ് ബീഗത്തിന്റെയും അഡോറ പ്രവര്‍ത്തകരുടെയും സാനിധ്യത്തില്‍ ടി സിദ്ദീഖ് എം എല്‍ എ ആണ് അലിക്ക് ഓട്ടോറിക്ഷ കൈമാറിയത്.
അനാരോഗ്യം കാരണം ആര്യ അന്തര്‍ജ്ജനത്തിന് വയനാട് എത്താന്‍ സാധിച്ചിരുന്നില്ല. അമ്മയെ നേരിട്ട് കണ്ട് നന്ദി അറിയിക്കണമെന്ന ആലി ആഗ്രഹിച്ചിരുന്നു. അങ്ങിനെയാണ് കഴിഞ്ഞ ദിവസം അലി ഉമ്മയെയും ഭാര്യയെയും മകളെയും കൂട്ടി മുണ്ടക്കൈയില്‍ നിന്നും ഓട്ടോറിക്ഷയില്‍ പന്താവൂരിലെത്തി ആര്യ അന്തര്‍ജ്ജനം അമ്മയെ കണ്ടത്. ജീവിത മാര്‍ഗ്ഗം നല്‍കിയ അമ്മയോടുള്ള നന്ദിയും കടപ്പാടും അറിയിച്ച് ചാരിഥാര്‍ഥ്യത്തോടെയാണ് അലിയും കുടുംബവും വയനാട്ടിലേക്ക്് മടങ്ങിയത്.
വയനാട് നടവയലില്‍ നര്‍ഗ്ഗീസ് ബീഗത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കുന്ന നട്ടെല്ല് തകര്‍ന്നവര്‍ക്കും കിടപ്പിലായവര്‍ക്കുമുള്ള സൗജന്യ ചികിത്സാലയത്തിന് വേണ്ടി സൗജന്യമായി രണ്ട് ഏക്കര്‍ സ്ഥലം വാങ്ങി നല്‍കിയതും തറക്കല്ലിട്ടതും പന്താവൂര്‍ പരേതനായ പരമേശ്വരന്‍ നമ്പൂതിരിയുടെ ഭാര്യ ആര്യ അന്തര്‍ജ്ജനം ആയിരുന്നു.