കൊല്ലോത്സവത്തിന് മണിക്കൂറുകൾ ബാക്കി,
ഇഴഞ്ഞു നീങ്ങി ഒരുക്കങ്ങൾ
പ്രത്യേക ലേഖകൻ
കൊല്ലം:
കലോത്സവത്തിൽ പങ്കെടുക്കാനുള്ള ആദ്യ ബാച്ച് ആയ കാസർഗോഡ് ജില്ലയിൽ നിന്നുള്ള കുട്ടികൾ ഇന്നു വൈകുന്നേരം എത്തിച്ചേരും. അപ്പോഴേക്കും കലോത്സവ വേദികളെങ്കിലും സജ്ജീകരിച്ചു തീരുമെന്ന് ഒരുറപ്പുമില്ല. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെല്ലാം സ്കൂൾ കോലോത്സവത്തിൽ പ്രതിഫലിക്കുന്നുണ്ട്. അതേ സമയം, കലോത്സവത്തിനു വേണ്ടിയുള്ള പണപ്പിരിവിന് ഒരു കുറവുമില്ല. ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികളിൽ നിന്ന് നിർബന്ധിത പിരിവ് ഏർപ്പെടുത്തിയിരുന്നു. ഇതിനു പുറമേ ജില്ലയിലെ ഒട്ടുമിക്ക സഹകരണ സ്ഥാപനങ്ങളിൽ നിന്നും അയ്യായിരം രൂപ മുതൽ പിരിച്ചെടുക്കുന്നുണ്ട്. നിയമപരമായ ബുദ്ധിമുട്ടുകൾ പറയുന്ന സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തിയും പണം പിരിക്കുന്നതായി ഒരു പ്രമുഖ സഹകരണ സ്ഥാപനത്തിലെ ഉന്നതൻ വീക്ഷണത്തോടു പറഞ്ഞു.
അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരശീല ഉയരാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ, പ്രധാന വേദി പോലും പൂർത്തിയാക്കാതെ അധികൃതർ. പ്രധാന വേദി ഒരുക്കിയിരിക്കുന്ന ആശ്രാമം മാതാനത്തെ തയാറാടുപ്പുകളെല്ലാം താറുമാറായി. പാതി പോലും പൂർത്തിയാക്കാത്ത വേദികളാണ് ഇന്നലെ പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടിയുടെ സാന്നിധ്യത്തിൽ കൈമാറിയെന്ന് അധികൃതർ വീമ്പിളക്കുന്നത്.
ആശ്രാമം മൈതാനം പൂർണമായി മാലിന്യ മുക്തമാക്കുമെന്നായിരുന്നു അധികൃതർ ആദ്യം സമ്മതിച്ചിരുന്നത്. എന്നാൽ മീഡിയ സെന്ററിന് അനുവദിക്കപ്പെട്ട സ്ഥലത്തു പോലും അപകടകരമായ തരത്തിൽ കുപ്പിച്ചീളുകളും മറ്റും ചിതറി കിടക്കുകയാണ്. സമ്പൂർണമായും പ്രൃകൃതി സൗഹൃദ പ്രോട്ടോകോൾ പാലിക്കുമെന്ന ഗവണ്മെന്റ് പ്രഖ്യപനവും പാഴായി. നഗരം മുഴുവൻ വിഷലിപ്തമായ ഫ്ലക്സുകളും കാർബൺ മാലിന്യങ്ങളും കൊണ്ട് നിബിഢമാണ്. ഫ്ലക്സുകൾ അടക്കമുള്ള കമാനങ്ങൾ നിർമിച്ച് പ്രകൃതി സന്തുലിതാവസ്ഥ നഷ്ടമാക്കിയതിനെതിരേയും പ്രതിഷേധം ഉയരുന്നുണ്ട്.