For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

2021 ജനുവരി മാസത്തില്‍ നല്‍കേണ്ട രണ്ട് ശതമാനം ക്ഷാമബത്ത അനുവദിച്ച് പുകമറ സൃഷ്ടിക്കുന്നു: ചവറ ജയകുമാര്‍

07:42 PM Mar 09, 2024 IST | Online Desk
2021 ജനുവരി മാസത്തില്‍ നല്‍കേണ്ട രണ്ട് ശതമാനം ക്ഷാമബത്ത അനുവദിച്ച് പുകമറ സൃഷ്ടിക്കുന്നു  ചവറ ജയകുമാര്‍
Advertisement

2021 മുതല്‍ ലഭിക്കേണ്ട 21 ശതമാനം ക്ഷാമബത്ത കുടിശ്ശികയുള്ളപ്പോള്‍ വെറും രണ്ട് ശതമാനം നല്‍കി ജീവനക്കാരെ വഞ്ചിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കേരള എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ അഭിപ്രായപ്പെട്ടു.കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 46 ശതമാനം ക്ഷാമബത്ത ലഭിക്കുമ്പോള്‍ കേരളത്തില്‍ ഏഴ് ശതമാനം മാത്രമാണ് ലഭിക്കുന്നത്. ഏപ്രില്‍ മാസത്തിലെ ശമ്പളത്തോടൊപ്പം രണ്ട് ശതമാനം അനുവദിച്ചാല്‍ അത് ഒന്‍പത് ശതമാനം ആയി മാറും.എന്നാല്‍ കേരളത്തില്‍ ജോലി ചെയ്യുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കേരള സര്‍ക്കാര്‍ 46% ക്ഷാമബത്ത നല്‍കുന്നുണ്ട്.

Advertisement

മൂന്നുവര്‍ഷത്തിന് മുമ്പുള്ള വിലക്കയറ്റത്തിന്റെ അടിസ്ഥാനത്തില്‍ 2021 ജനുവരിയില്‍ രണ്ട് ശതമാനം ക്ഷാമബത്ത നിശ്ചയിച്ചത്.കഴിഞ്ഞ മൂന്നു വര്‍ഷമായി അതിരൂക്ഷമായ വില ക്കയറ്റമാണ് സംസ്ഥാനം നേരിടുന്നത്. എല്ലാ രംഗത്തും ഉണ്ടായ വില വര്‍ധന താങ്ങാനാകാതെ ജീവനക്കാരും പൊതുസമൂഹവും നട്ടം തിരിയുകയാണ്.അതിനുപുറമേ ശമ്പള വിതരണത്തിന് ഫണ്ട് നീക്കി വയ്ക്കാതെ സാങ്കേതിക തകരാര്‍ എന്ന വ്യാജ പ്രചരണം നടത്തി ജീവനക്കാരെ വഞ്ചിക്കുകയാണ്.ശമ്പളം പിന്‍വലിക്കുന്നതിന് പരിധി ഏര്‍പ്പെടുത്തുന്ന സമ്പ്രദായം ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ല.തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ഏപ്രില്‍ മാസം ലഭിക്കുന്ന രണ്ട് ശതമാനം ക്ഷാമബത്ത ഉത്തരവാക്കി തടി തപ്പാന്‍ ശ്രമിക്കുകയാണ്. ഇനിയും 19 ശതമാനം ക്ഷാമബത്ത കുടിശ്ശികയാണെന്ന് വിവരം പൊതുസമൂഹത്തിനു മുമ്പില്‍ നിന്നും മറച്ചു വയ്ക്കുകയാണ്.2019 ജൂലൈ മാസം മുതല്‍ ലഭിക്കേണ്ടിയിരുന്ന ശമ്പള പരിഷ്‌ക്കരണത്തിന്റെ കുടിശികതുക ഇതേവരെ ലഭിച്ചിട്ടില്ല.

ലീവ് സറണ്ടര്‍ ലഭിച്ചിട്ട് നാലുവര്‍ഷമായി.ആഘോഷങ്ങള്‍ക്കും ധൂര്‍ത്തുകള്‍ക്കുമായി പരിധിയില്ലാതെ പണം ചെലവഴിക്കുന്നവര്‍ സേവന രംഗത്തുള്ള ജീവനക്കാര്‍ ജോലി ചെയ്തതിന്റെ പണം നല്‍കാന്‍ വിസമ്മതിക്കുകയാണ്.ശമ്പളം ജീവനക്കാരുടെ സ്വത്താണെന്ന് നീതിപീഠങ്ങള്‍ തന്നെ വ്യക്തമാക്കിയിട്ടും അതുപോലും തടഞ്ഞുവയ്ക്കാന്‍ സാങ്കേതികത്വം മറയാക്കുകയാണ്.ഇപ്പോഴും പല വകുപ്പുകളിലും പൂര്‍ണ്ണമായി ശമ്പളം വിതരണം ചെയ്തിട്ടില്ല. ബില്ലു കൊടുക്കാന്‍ താമസിച്ചു എന്ന തൊടു ന്യായമാണ് ഇതിന് പറയുന്നത്. എന്നാല്‍ ഓണ്‍ലൈനില്‍ സമര്‍പ്പിച്ച ബില്ലുകള്‍ താമസിച്ചു എന്നു പറയുന്നതില്‍ യുക്തിയില്ല.ജീവനക്കാരുടെ ശമ്പള വിതരണം ഇനിയും വൈകിപ്പിക്കുന്ന സാഹചര്യം ഉണ്ടാകരുത്. ശമ്പള വിതരണത്തിന് ഏര്‍പ്പെടുത്തിയ പരിധി അടിയന്തരമായി പിന്‍വലിക്കണം. ക്ഷാമബത്ത കുടിശ്ശിക അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന നടപടികള്‍ തുടര്‍ന്നാല്‍ പണിമുടക്കടക്കമുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Author Image

Online Desk

View all posts

Advertisement

.